പാലക്കാട്:( www.truevisionnews.com ) പാലക്കാട് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നടൻ രമേഷ് പിഷാരടിയെ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ എംപി. പിഷാരടി കേരളത്തിന് തന്നെ മികച്ചൊരു 'ഓപ്ഷൻ' ആണെന്നും, അദ്ദേഹം തന്റെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനുള്ള പാലമാണെന്ന പ്രചാരണം തെറ്റാണെന്നും ഷാഫി ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപ് വാര്യർക്ക് സീറ്റ് ലഭിക്കുമോ എന്ന ചോദ്യത്തിന്, ഇനിയും സ്ഥാനാർത്ഥി പട്ടികകൾ വരാനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി രമേഷ് പിഷാരടിയും രംഗത്തെത്തി. ജന്മനാട്ടിലേക്ക് ജനവിധി തേടി എത്തുകയാണെന്നും കലാപരിപാടികളിൽ നിന്ന് തൽക്കാലം അർദ്ധവിരാമം എടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
"സ്വാതന്ത്ര്യസമരം മുതൽ ഇന്ത്യയെ മതേതര രാജ്യമായി കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകിയ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് അഭിമാനമാണ്," പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട്ടെ ജനങ്ങളുടെ ആവശ്യങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'Pisharody is Kerala's option'; Shafi Parambil reacts to his candidacy
































