കൊച്ചി:( www.truevisionnews.com ) പെരുമ്പാവൂർ ഊരക്കാട് കാർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ സംഭവത്തിൽ വൻ കഞ്ചാവ് ശേഖരം പോലീസ് പിടികൂടി. അപകടസ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് സമീപത്തെ പറമ്പിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഊരക്കാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്.
റോഡിൽ നിന്ന് ഏകദേശം പന്ത്രണ്ട് അടി താഴെയുള്ള വീടിന് മുകളിലേക്കാണ് രണ്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കാറിനുള്ളിൽ കഞ്ചാവ് പൊതികൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ഒരാൾ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ രണ്ടാമനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള പറമ്പിലും കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Car overturns on top of house in Perumbavoor; Ganja hidden in nearby field found
































