കോട്ടയം:( www.truevisionnews.com ) മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്നു വന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മൗനത്തെ ചോദ്യം ചെയ്ത് ചാണ്ടി ഉമ്മൻ എംഎൽഎ. പത്തുവർഷം മുമ്പ് സോളാർ വിവാദകാലത്ത് ഉമ്മൻ ചാണ്ടിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും അധിക്ഷേപിക്കാൻ മുന്നിൽ നിന്നവർ ഇപ്പോൾ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കില്ലെന്നും എന്നാൽ സോളാർ കാലത്ത് സിപിഎം സ്വീകരിച്ച നിലപാടുകൾ ജനം മറന്നിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പൊതുസമൂഹം ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മന്ത്രിക്കെതിരെ പുറത്തുവന്നിരിക്കുന്നത്. അന്ന് 'മോറൽ പോലീസിംഗ്' നടത്തിയ സിപിഎം ഇപ്പോൾ മിണ്ടുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ ഹോട്ടൽ വളഞ്ഞ് അറസ്റ്റ് ചെയ്ത പോലീസ്, സമാനമായ കേസുകളിൽ ഗണേഷ് കുമാറിനോട് മൃദുസമീപനമാണ് കാണിക്കുന്നത്. പോലീസിന്റെ ഈ വിവേചനം മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും നിർദ്ദേശപ്രകാരമാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.
സോളാർ കേസിൽ കാലം സത്യം തെളിയിച്ചതുപോലെ ഇതും തെളിയുമെന്നും, വരും ദിവസങ്ങളിൽ സി.പി.എം പത്രമായ ദേശാഭിമാനിയുടെ നിലപാട് കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'No to suicide, the Chief Minister should break his silence and clarify his stance' - Chandy Oommen
































