തിരുവനന്തപുരം: ( www.truevisionnews.com ) സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കെഎസ്ആർടിസി ജീവനക്കാർക്ക് കുടിശ്ശികയുള്ള ഡിഎ നൽകാൻ ഗതാഗത വകുപ്പ് തീവ്രശ്രമം തുടങ്ങിയതായി മന്ത്രി കെബി ഗണേഷ് കുമാര്‍. "കെഎസ്ആർടിസിക്ക് ഒരു ബുദ്ധിമുട്ടുമില്ല, സ്ഥാപനം രക്ഷപ്പെടും" എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മന്ത്രി, ജീവനക്കാർക്ക് അർഹമായ ഡിഎ നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും വെളിപ്പെടുത്തി.
ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ ഡിഎ നൽകാൻ എങ്ങനെയെങ്കിലും പണം ഒപ്പിക്കാനാണ് ശ്രമിക്കുന്നത്. നിലവിൽ കെഎസ്ആർടിസിയുടെ പക്കൽ ഇതിനാവശ്യമായ തുകയില്ലാത്തതിനാൽ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചപ്പോൾ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലുമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ശമ്പളം ഗഡുക്കളായി നൽകിയിരുന്ന രീതി മാറ്റി ഒന്നാം തീയതി തന്നെ ഒരുമിച്ച് നൽകാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. അടുത്ത ഘട്ടമായി ഡിഎ കൂടി നൽകി ജീവനക്കാരുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഡിഎ വിതരണം ചെയ്യാൻ കഴിയുമോ എന്നാണ് സർക്കാർ പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എം പി. ഗണേഷ് കുമാർ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണെന്നും എറണാകുളം കെ എസ് ആർ ടി സി സ്റ്റാൻഡിന്റെ നവീകരണം അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. തകർന്നുപോയ ഒരു കപ്പലിനെ ശമ്പളം കൊടുക്കാവുന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കുക എന്നത് ചെറിയ കാര്യമല്ല.
കെ എസ് ആർ ടി സിയെ ആ നിലയിലേക്ക് മാറ്റിയതിൽ ഗണേഷ് കുമാറിനെ അഭിനന്ദിക്കുന്നുവെന്നും ഹൈബി വിവരിച്ചു. കെ എസ് ആർ ടി സിയുടെ ഐശ്വര്യമാണ് മന്തിയെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു. സോളാർ വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗണേഷ് കുമാറിനെതിരെ കോൺഗ്രസ് ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലെ ഹൈബിയുടെ പ്രശംസ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
transport minister kb ganesh kumar considers da hike for ksrtc employees before election
































