മലപ്പുറം:( www.truevisionnews.com ) കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകി. മെയ് 28-ന് അവസാനിക്കേണ്ട കാലാവധിയാണ് ഇപ്പോൾ വർദ്ധിപ്പിച്ചത്. എന്നാൽ, ഓരോ മൂന്ന് മാസക്കൂടുമ്പോഴും ഈ ഉത്തരവ് സർക്കാർ പുനഃപരിശോധിക്കും. കൊല്ലപ്പെടുന്ന പന്നികളുടെ കൃത്യമായ കണക്കുകൾ അതത് തദ്ദേശ സ്ഥാപനങ്ങൾ മാസാന്ത്യം വനം വകുപ്പിനെ അറിയിക്കണമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്.
പന്നികളെ വെടിവെക്കാൻ 1000 രൂപയും അവയെ സംസ്കരിക്കാൻ 1500 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെലവാക്കാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പല പഞ്ചായത്തുകളും ഇതിനോട് വിമുഖത കാട്ടുന്നതായി കർഷകർ പരാതിപ്പെടുന്നു. പഞ്ചായത്തുകളിൽ കർഷകർ നൽകുന്ന അപേക്ഷകളിൽ കൃത്യസമയത്ത് നടപടി ഉണ്ടാകാത്തത് പന്നിപ്പട പെരുകാൻ കാരണമാകുന്നുണ്ട്. മലയോര മേഖലകളിൽ പന്നി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരും പരിക്കേറ്റവരും ഏറുന്ന സാഹചര്യത്തിൽ, വെടിവെക്കാനുള്ള അനുമതിയും സാമ്പത്തിക സഹായവും വേഗത്തിൽ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ, തോക്ക് ലൈസൻസുകൾ പുതുക്കി നൽകാൻ അധികൃതർ വൈകുന്നതിലും വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
Wild boar nuisance; Permission to shoot and kill extended for another year































