---
title: "'എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് മുൻപേ പറഞ്ഞതാണ്, പരിഹസിക്കുന്നവർക്ക് സ്വാതന്ത്ര്യമുണ്ട്'; ട്രോളന്മാർക്ക് മറുപടിയുമായി സ്വാസിക"
english_title: "Swasika responds to trolls"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346021/swasika-responds-to-trolls"
published_at: "2026-03-06T14:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa999fa5c24_Swasika_responds_to_trolls.jpg"
keywords: []
---

# 'എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് മുൻപേ പറഞ്ഞതാണ്, പരിഹസിക്കുന്നവർക്ക് സ്വാതന്ത്ര്യമുണ്ട്'; ട്രോളന്മാർക്ക് മറുപടിയുമായി സ്വാസിക

> **Lead Summary:** പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഗൾഫ് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ നടി സ്വാസിക വിജയ് അബുദാബിയിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു. ഫെബ്രുവരി 28-ന് നാട്ടിൽ മടങ്ങിയെത്തേണ്ടിയിരുന്ന താരം, വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ഒരാഴ്ച വൈകിയാണ് കൊച്ചിയിലെത്തിയത്.

## Article Content

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഗൾഫ് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ നടി സ്വാസിക വിജയ് അബുദാബിയിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു. ഫെബ്രുവരി 28-ന് നാട്ടിൽ മടങ്ങിയെത്തേണ്ടിയിരുന്ന താരം, വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ഒരാഴ്ച വൈകിയാണ് കൊച്ചിയിലെത്തിയത്.

നാട്ടിൽ തിരിച്ചെത്തിയ ശേഷം വിമാനത്താവളത്തിൽ വെച്ച് ഇംഗ്ലീഷ് മാധ്യമങ്ങളോട് സംസാരിക്കുന്ന സ്വാസികയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. വിദേശത്ത് നേരിട്ട പ്രതിസന്ധികളെക്കുറിച്ചും യാത്ര തടസ്സപ്പെട്ടതിനെക്കുറിച്ചും താരം വിവരിക്കുന്ന വീഡിയോ ആരാധകർക്കിടയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

വലിയതോതിലുള്ള ആശങ്ക ഉണ്ടായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തി എന്ന നിലയിലുള്ള ചെറിയ ഭയം ഉണ്ടായിരുന്നെന്ന് സ്വാസിക പറഞ്ഞിരുന്നു. ഒറ്റയ്ക്കായിരുന്നു അബുദാബിയ്ക്ക് പോയത്. അതായിരുന്നു പ്രധാന കാരണം. ട്രാവൽ ഏജൻസി ഉൾപ്പെടെ എല്ലാവരും നന്നായി പിന്തുണച്ചു എന്നും സ്വാസിക പറഞ്ഞിരുന്നു. എന്നാൽ സ്വാസിക ഇഗ്ലീഷ് സംസാരിക്കുന്നതിനെ, വിഷയത്തിന്റെ ഗൗരവം പോലും കണക്കിലെടുക്കാതെ പലരും ട്രോൾ ആക്കുകയാണ് ഉണ്ടായത്. വീഡിയോയ്ക്കു താഴെ സ്വാസികയുടെ ഇംഗ്ലീഷിനെ പലരും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്കു താഴെയാണ് സ്വാസിക കമന്റ് ചെയ്തത്.

''എന്നോട് ഇംഗ്ലീഷിൽ പറയാൻ പറഞ്ഞു. എനിക്കു പറ്റുന്നതുപോലെ ഞാൻ പറഞ്ഞു. എനിക്കു ഇംഗ്ലീഷ് അറിയില്ല എന്നു ഞാൻ എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങൾക്ക് കളിയാക്കാൻ ഉള്ള ഫ്രീഡം ഉണ്ട്. എനിക്കു പറ്റിയ തെറ്റുകൾ ഞാൻ അംഗീകരിക്കുന്നു'', എന്നാണ് സ്വാസിക കമന്റ് ചെയ്തത്. ഇതിനു താഴെ സ്വാസികയെ പിന്തുണച്ചും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ''ഇതിൽ എവിടെയാ കുറവ് പൊളിയല്ലേ'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ''സ്വാസിക നന്നായി സംസാരിച്ചു, നെഗറ്റീവുകൾ കാര്യമാക്കണ്ട'', എന്നും ചിലർ‌ കമന്റ് ചെയ്തിട്ടുണ്ട്. ഭാഷ പ്രധാനമായും ആശയവിനിമയത്തിനാണ് ഉപയോഗിക്കുന്നതെന്നും അതിനപ്പുറമുള്ളതൊന്നും പ്രധാനമല്ലെന്നും ചിലർ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/346021/swasika-responds-to-trolls)