(https://truevisionnews.com/) കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണമെന്നും മദ്യം, ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, നിർമ്മാണ മേഖല എന്നിവർക്കായി പ്രത്യേക നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. കുട്ടികൾക്ക് വെയിലേൽക്കുന്ന തരത്തിലുള്ള അസംബ്ലികളും മറ്റ് പരിപാടികളും സ്കൂളുകൾ ഒഴിവാക്കണം.
തൊഴിലുറപ്പ് തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവരുടെ ജോലി സമയം ക്രമീകരിക്കാനും വിശ്രമം ഉറപ്പാക്കാനും നിർദേശമുണ്ട്. കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ വനമേഖലയിലുള്ളവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Kerala is burning, Disaster Management Authority issues high alert

































