---
title: "'കാന്താര'യിലെ ദൈവസങ്കല്പത്തെ അവഹേളിച്ചെന്ന പരാതി; രൺവീർ സിംഗിന്റെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു"
english_title: "Karnataka High Court stays Ranveer Singh's arrest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343949/karnataka-high-court-stays-ranveer-singhs-arrest"
published_at: "2026-02-24T14:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d64bea51ef_13.jpg"
keywords: []
---

# 'കാന്താര'യിലെ ദൈവസങ്കല്പത്തെ അവഹേളിച്ചെന്ന പരാതി; രൺവീർ സിംഗിന്റെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു

> **Lead Summary:** **ബംഗളൂരു:** 'കാന്താര' സിനിമയിലെ ദൈവസങ്കല്പത്തെ അവഹേളിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിന്റെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. തനിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

## Article Content

**ബംഗളൂരു:** 'കാന്താര' സിനിമയിലെ ദൈവസങ്കല്പത്തെ അവഹേളിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിന്റെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. തനിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ കാന്താരയിലെ ദൈവത്തെ അനുകരിച്ചതുമായി ബന്ധപ്പെട്ടാണ് ബംഗളൂരു പോലീസ് താരത്തിനെതിരെ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിലാണ് നടപടി.

കേസ് പരിഗണിച്ച ജസ്റ്റിസ് നാഗപ്രസന്ന, ഒരു സംസ്ഥാനത്തെ ജനതയുടെ വികാരങ്ങളെ ഹനിക്കുന്നത് ശരിയല്ലെന്നും പരാതി ഗൗരവകരമാണെന്നും നിരീക്ഷിച്ചു. എന്നാൽ, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് രൺവീർ സിംഗ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിൽ മാർച്ച് 2-ന് കോടതി വീണ്ടും വാദം കേൾക്കും. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രൺവീർ സിംഗ് വാർത്തകളിൽ നിറയുന്നത് ഈ നിയമപോരാട്ടത്തിലൂടെയാണ്. ആയിരം കോടിയിലധികം കളക്ഷൻ നേടിയ ധുരന്ധറിന്റെ രണ്ടാം ഭാഗം മാർച്ച് 19-ന് പുറത്തിറങ്ങാനിരിക്കെയാണ് ഈ വിവാദം.

### Related Links & Sources
- [Original Story Source](https://moviemax.in/news/343949/karnataka-high-court-stays-ranveer-singhs-arrest)