---
title: "'ജാതിയോ മതമോ പ്രശ്നമല്ല, മകനെ സ്നേഹിച്ചാൽ മതി; മരുമകളെക്കുറിച്ച് വിജയ് ദേവരകൊണ്ടയുടെ അമ്മ പറഞ്ഞത് വൈറലാകുന്നു!'"
english_title: "What Vijay Deverakonda's mother said about her daughter-in-law"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344000/what-vijay-deverakondas-mother-said-about-her-daughter-in-law"
published_at: "2026-02-24T16:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d8ddf20379_MMMMMMMMMM.jpg"
keywords: []
---

# 'ജാതിയോ മതമോ പ്രശ്നമല്ല, മകനെ സ്നേഹിച്ചാൽ മതി; മരുമകളെക്കുറിച്ച് വിജയ് ദേവരകൊണ്ടയുടെ അമ്മ പറഞ്ഞത് വൈറലാകുന്നു!'

> **Lead Summary:** **[** വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹവാർത്തകൾ സിനിമാലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങളായി ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രണയബന്ധം ഒടുവിൽ വിവാഹത്തിലേക്ക് എത്തുമ്പോൾ, ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു പ്രധാന ഘടകം വിജയിന്റെ മാതാപിതാക്കളുടെ നിലപാടുകളാണ്.

## Article Content

**[** വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹവാർത്തകൾ സിനിമാലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങളായി ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രണയബന്ധം ഒടുവിൽ വിവാഹത്തിലേക്ക് എത്തുമ്പോൾ, ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു പ്രധാന ഘടകം വിജയിന്റെ മാതാപിതാക്കളുടെ നിലപാടുകളാണ്.

ജാതിയോ മതമോ തങ്ങൾക്ക് വിഷയമല്ലെന്നും മകനെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെയാണ് തങ്ങൾ മരുമകളായി ആഗ്രഹിക്കുന്നതെന്നും അവർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് 'ഗീതാഗോവിന്ദം' എന്ന സിനിമയുടെ വിജയ ആഘോഷത്തിനിടെ നൽകിയ ഒരു അഭിമുഖത്തിലാണ് വിജയിന്റെ അമ്മ മാധവിയും അച്ഛൻ ഗോവർദ്ധൻ റാവുവും തങ്ങളുടെ ഭാവി മരുമകളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ചത്.

സിനിമ എന്ന തൊഴിലിനെ മനസ്സിലാക്കുന്ന, വിജയിയെ നിരുപാധികമായി സ്നേഹിക്കുന്ന ഒരു പെൺകുട്ടി വേണം കുടുംബത്തിലേക്ക് വരാൻ എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. വിവാഹത്തിന് മറ്റ് നിബന്ധനകളൊന്നുമില്ലെങ്കിലും അവൾ ഒരു ദക്ഷിണേന്ത്യക്കാരിയായാൽ തനിക്ക് സന്തോഷമായെന്ന് അച്ഛൻ ഗോവർദ്ധൻ റാവു അന്ന് തമാശരൂപേണ പറഞ്ഞിരുന്നു.

മാതാപിതാക്കൾക്ക് ഇഷ്ടപ്പെടുന്ന ഒരാളെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന് വിജയിയും മുൻപ് വ്യക്തമാക്കിയിട്ടുള്ളതിനാൽ, രശ്മികയെ ഇരുകൈകളും നീട്ടിയാണ് ഈ കുടുംബം സ്വീകരിക്കുന്നത്.

2018-ൽ 'ഗീതാഗോവിന്ദം' സെറ്റിൽ വെച്ച് തുടങ്ങിയ ഇവരുടെ സൗഹൃദം പിന്നീട് 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലൂടെ കൂടുതൽ ദൃഢമാവുകയായിരുന്നു. ഇതിനിടയിൽ രശ്മികയുടെ മുൻപത്തെ വിവാഹനിശ്ചയം മുടങ്ങിയതുൾപ്പെടെയുള്ള പ്രയാസകരമായ ഘട്ടങ്ങളിൽ വിജയ് നൽകിയ പിന്തുണയെക്കുറിച്ച് താരം തന്നെ സൂചനകൾ നൽകിയിട്ടുണ്ട്.

തന്നെ മാനസികമായി ഏറെ പിന്തുണച്ച, സന്തോഷവതിയായിരിക്കാൻ സഹായിച്ച ഒരാളാണ് തന്റെ പങ്കാളിയെന്ന് അടുത്തിടെ ഒരു പ്രമോഷൻ പരിപാടിക്കിടെ രശ്മിക തുറന്നുപറഞ്ഞിരുന്നു.

ഈ മാസം ഇരുപത്തിയാറാം തീയതി രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് നടക്കുന്ന അത്യാഢംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ ഒരു മാസമായി വിവാഹത്തിനുള്ള ഒരുക്കങ്ങൾ അവിടെ തകൃതിയായി നടക്കുകയാണ്.

സോഷ്യൽ മീഡിയയിലെ പ്രണയ സൂചനകൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ടുകൊണ്ട് പ്രിയ താരങ്ങൾ ഒരുമിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/344000/what-vijay-deverakondas-mother-said-about-her-daughter-in-law)