കൊച്ചി:(www.truevisionnews.com ) പെരുമ്പാവൂർ വാഴക്കുളത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടത്തുനിന്ന് അഞ്ച് കഞ്ചാവ് ചെടികൾ എക്സൈസ് പിടിച്ചെടുത്തു. വാഴക്കുളം കീൻപുരത്ത് വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ഫർമാൻ ജിയക്കെതിരെ കുന്നത്തുനാട് എക്സൈസ് കേസെടുത്തു. എക്സൈസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.
പ്രദേശത്തെ മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ വാഴക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോഴാണ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് വിവിധ വലുപ്പത്തിലുള്ള അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.
Five cannabis plants found at guest workers' residence
































