കോട്ടയം: രാഷ്ട്രീയ നിലപാടുകളിലും സാമുദായിക ഐക്യത്തിലും എൻഎസ്എസിന്റെ പ്രഖ്യാപിത നയങ്ങൾ ആവർത്തിച്ച് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള ഭിന്നത വ്യക്തിപരമാണെന്നും അത് കോൺഗ്രസ് പാർട്ടിയോടുള്ള വിരോധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്റെ നിലപാടുകളോടാണ് എൻഎസ്എസിന് വിയോജിപ്പുള്ളത്.
എസ്എൻഡിപി യോഗവുമായുള്ള ഐക്യശ്രമങ്ങളിൽ നിന്ന് എൻഎസ്എസ് പൂർണ്ണമായും പിന്മാറിയതായും അദ്ദേഹം അറിയിച്ചു. എസ്എൻഡിപിയുടേത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിന്മാറ്റം. വെള്ളാപ്പള്ളി നടേശന് പദ്മ പുരസ്‌കാരം ലഭിച്ചതിൽ സംഘടനയ്ക്ക് എതിർപ്പില്ലെങ്കിലും ഐക്യത്തിനില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാഷ്ട്രീയത്തിൽ എന്നും സ്വീകരിച്ചുപോരുന്ന 'സമദൂര നിലപാടിൽ' മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ അവഗണനയിൽ പരാതികളില്ലെന്നും മറ്റുള്ളവരെപ്പോലെ ആനുകൂല്യങ്ങൾക്കായി നിലവിളിക്കാൻ എൻഎസ്എസ് തയ്യാറല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാനാണ് താല്പര്യം. അതേസമയം, കേന്ദ്ര ബജറ്റിൽ കേരളത്തിന് കൂടുതൽ പരിഗണന ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റവാളികൾ ആരായാലും കടുത്ത ശിക്ഷ അനുഭവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Difference with V.D. Satheesan is personal, not animosity towards the party - G. Sukumaran Nair


























