---
title: "'നാളെ നിനക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'; പരിഹാസ വീഡിയോയ്ക്കെതിരെ ആഞ്ഞടിച്ച് ബിഗ് ബോസ് താരം അഭിലാഷ്"
english_title: "Bigg Boss star Abhilash slams mocking video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340064/bigg-boss-star-abhilash-slams-mocking-video-NEW"
published_at: "2026-02-04T12:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982efdec6435_Bigg_Boss_star_Abhilash_slams_mocking_video.jpg"
keywords: []
---

# 'നാളെ നിനക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'; പരിഹാസ വീഡിയോയ്ക്കെതിരെ ആഞ്ഞടിച്ച് ബിഗ് ബോസ് താരം അഭിലാഷ്

> **Lead Summary:** **[** ഭിന്നശേഷിക്കാരായ ആളുകളെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്ത വ്യക്തിക്കെതിരെ രൂക്ഷവിമർശനവുമായി ബിഗ് ബോസ് താരം അഭിലാഷ് (അഭിശ്രീ). ശാരീരിക വെല്ലുവിളികളെ പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും അഭിലാഷ് വ്യക്തമാക്കി.

## Article Content

**[** ഭിന്നശേഷിക്കാരായ ആളുകളെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്ത വ്യക്തിക്കെതിരെ രൂക്ഷവിമർശനവുമായി ബിഗ് ബോസ് താരം അഭിലാഷ് (അഭിശ്രീ). ശാരീരിക വെല്ലുവിളികളെ പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും അഭിലാഷ് വ്യക്തമാക്കി.

ടിക് ടോക്കിലൂടെ തുടങ്ങി, നിലവിൽ ഒൻപത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ് അഭിലാഷ്. 'ഡി ഫോർ ഡാൻസ്' എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധേയനാകുന്നത്. കാലിന് സ്വാധീനക്കുറവുണ്ടെങ്കിലും അത് തന്റെ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് മികച്ച നൃത്ത പ്രകടനങ്ങളിലൂടെ അഭിലാഷ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ ഇദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദത്തെയും ലഭിച്ചു.

ഭാര്യ ശ്രീകുട്ടിയുമായി ചേർന്ന് 'അഭിശ്രീ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം, തന്റെ പോരാട്ടവീര്യം കൊണ്ടാണ് എന്നും കയ്യടി നേടിയിട്ടുള്ളത്. ആ പോരാട്ടത്തെയും സമാനമായ വെല്ലുവിളികൾ നേരിടുന്നവരെയും അവഹേളിക്കുന്നവർക്ക് കൃത്യമായ മറുപടിയാണ് താരം ഇപ്പോൾ നൽകിയിരിക്കുന്നത്.

'ഞാൻ ബിഗ് ബോസിൽ പോകുന്നതിന് മുൻപ് സീരിയൽ നടി അമൃത കാലും കയ്യും വയ്യാത്ത എന്നെപോലുള്ള ആളുകളെ വിമർശിച്ച് വീഡിയോ ചെയ്തിരുന്നു. അന്നും ഞാൻ പ്രതികരിച്ചിരുന്നു. എനിക്ക് ഒരു സുഹൃത്തുണ്ട്. അവന് കയ്യില്ല. അമൃത ചെയ്ത വീഡിയോ അവനെ വിഷമിപ്പിച്ചു. അങ്ങനെയാണ് ഞാൻ പ്രതികരിച്ചത്. പക്ഷേ, അന്ന് ആ വീഡിയോയ്ക്കു താഴെ വന്നത് എന്നെപ്പോലുള്ളവരെ വിമർശിച്ചുള്ള കമന്റുകളായിരുന്നു. വീഡിയോയെ ആ രീതിയിൽ കണ്ടാൽ പോരെ എന്നൊക്കെയായിരുന്നു കമന്റുകൾ.

കഴിഞ്ഞ ദിവസം മറ്റൊരാൾ ചെയ്ത ഒരു വീഡിയോ കണ്ടു. അതിലും കാലുവയ്യാത്ത ആൾക്കാരെ പരിഹസിക്കുന്ന രീതിയിലായിരുന്നു കണ്ടന്റ്. അതിൽ അഭിനയിച്ച അവനെ ഞാൻ ഒന്നും പറയുന്നില്ല. അവന് ജന്മം നൽകിയവരോടാണ് എനിക്ക് പറയാനുള്ളത്. മക്കൾക്ക് നല്ലതു പറഞ്ഞ് കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കയ്യോ കാലോ വയ്യാത്തതോ ചെവി കേൾക്കാത്തതോ ആയ ഒരു വ്യക്തി ഇവന്റെ ഈ വീഡിയോ കാണുമ്പോൾ എത്രത്തോളം വിഷമിക്കുമെന്ന് ചിന്തിക്കണമായിരുന്നു. കാല് വയ്യാത്തവരേയും മറ്റും പരിഹസിച്ച് വേറെയും വീഡിയോ ഇവൻ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അവൻ റീച്ചുണ്ടാക്കുന്നത്. അവന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വേണ്ടതെന്ന് എനിക്ക് മനസിലായി. ഇവനെതിരെ കേസ് കൊടുക്കാം. പക്ഷെ എനിക്ക് അതിനുള്ള ‌സമയം ഇല്ല. നാളെ നിനക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'', അഭിലാഷ് വീഡിയോയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/340064/bigg-boss-star-abhilash-slams-mocking-video-NEW)