ആലപ്പുഴ:(https://truevisionnews.com/) കണ്ണൂർ ആലക്കോട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ, വധശ്രമം കേസുകളിലെ പ്രതിയെ 15 വർഷത്തിന് ശേഷം പൊലീസ് വലയിലാക്കി. ആലക്കോട് മണേലിൽ സ്വദേശിയായ ജിനീഷ് എന്ന ഷായൽ (39) ആണ് പിടിയിലായത്.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വ്യാജ പേരുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ആലപ്പുഴ പുന്നമടയിലെ ഒരു ഹൗസ് ബോട്ടിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു.
രഹസ്യവിവരത്തെത്തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസും കണ്ണൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പൊലീസിനെ കണ്ടതോടെ ഹൗസ് ബോട്ടിന്റെ പിൻഭാഗത്തുകൂടി കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ജിനീഷിനെ പൊലീസ് സംഘവും വെള്ളത്തിൽ ചാടി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
മെഡിക്കൽ പരിശോധനകൾക്ക് ശേഷം പ്രതിയെ കണ്ണൂർ പോലീസിന് കൈമാറി. ആലപ്പുഴ സൗത്ത് ഇൻസ്പെക്ടർ വി.ഡി റജിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്.
സൗത്ത് പൊലീസ് എസ്ഐ ആർ മോഹൻകുമാർ, എഎസ്ഐ ഉല്ലാസ് യു, സീനിയർ സിപിഓമാരായ മൻസൂർ മുഹമ്മദ്, ആർ ശ്യാം, കണ്ണൂർ ആലക്കോട് എഎസ്ഐ മുനീർ, സീനിയർ സിപിഓ ജാബിർ അലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
After 15 years on the run; Accused in POCSO and attempt to murder cases arrested

































