ഇളയ ദളപതി വിജയിയുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് ജനനായകൻ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഭാഗമായി മത്സരത്തിന് ഇറങ്ങുംമുമ്പ് ചിത്രം പുറത്തിറക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി.) സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്. എൻ.ഡി.ടി.വി.ക്ക് നൽകിയ അഭിമുഖത്തിൽ, തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എന്നാൽ ചിത്രത്തിന്റെ നിർമാതാവിന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും വിജയ് പറഞ്ഞു.
അതേസമയം വാർത്താ ചാനലിന് വീഡിയോ അഭിമുഖം നൽകാൻ വിജയ് തയ്യാറായിട്ടില്ല. പകരം ക്യാമറയില്ലാതെ ഒരു മണിക്കൂറോളം ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകരുമായി സംഭാഷണം നടത്തിയതായാണ് റിപ്പോർട്ട്. വിജയ് പറഞ്ഞ കാര്യങ്ങൾ പിന്നീട് എൻ.ഡി.ടി.വി. എഡിറ്റർ ഇൻ ചീഫ് രാഹുൽ കൻവാൽ റിപ്പോർട്ട് ചെയ്തു.
തന്റെ തീരുമാനങ്ങളിൽ വിജയ്ക്ക് ദൃഢനിശ്ചയമുണ്ടെന്നാണ് തോന്നിയതെന്ന് കൻവാൽ പറഞ്ഞു. രാഷ്ട്രീയത്തിൽ അദ്ദേഹം തീരുമാനമെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമകൾ ഉപേക്ഷിച്ചു.
ഇതായിരിക്കും അദ്ദേഹത്തിന്റെ ഭാവി. അതേസമയം ജനനായകൻ റിലീസ് ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന തന്റെ നിർമാതാവിന്റെ കാര്യത്തിൽ അദ്ദേഹത്തിന് വിഷമമുണ്ട്. താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതുകൊണ്ട് സിനിമകൾ ലക്ഷ്യം വെക്കപ്പെട്ടേക്കാം എന്നതിൽ അദ്ദേഹം മാനസികമായി തയ്യാറെടുത്തുകഴിഞ്ഞുവെന്നും എൻ.ഡി.ടി.വി. റിപ്പോർട്ടിൽ പറഞ്ഞു.
കോവിഡ് കാലം തൊട്ടുതന്നെ രാഷ്ട്രീയത്തിലിറങ്ങാൻ തയ്യാറെടുക്കുന്നുണ്ടെന്ന് വിജയ് പറഞ്ഞു. കരൂർ ദുരന്തം വലിയൊരു ഞെട്ടലായിരുന്നുവെന്നും അത് ഇപ്പോഴും തന്നെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ടെന്നും വിജയ് പറഞ്ഞു.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണ നിർമിക്കുന്ന ജനനായകൻ സംവിധാനം ചെയ്തിരിക്കുന്നത് എച്ച്. വിനോദ് ആണ്. ചിത്രത്തിന് ഉടൻ സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനുവരി 28-ന് റദ്ദാക്കുകയും വീണ്ടും വാദം കേൾക്കാനായി സിംഗിൾ ബെഞ്ചിനുതന്നെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാനുള്ള ജസ്റ്റിസ് പി.ടി. ആശയുടെ ഉത്തരവിനെതിരേ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഇതോടെയാണ് ചിത്രം എന്ന് പുറത്തിറങ്ങുമെന്ന കാര്യം അനിശ്ചിതത്വത്തിലായത്.
actor vijay latest interview on jana nayagan release delay

































