Jan 31, 2026 07:58 AM

(https://moviemax.in/) കേരളക്കരയെയും ആഗോള വ്യവസായ മേഖലയെയും ഒരുപോലെ സ്തബ്ധരാക്കിയ വാർത്തയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത മരണം. ഒട്ടനവധി സാമൂഹിക പ്രവർത്തനങ്ങളിൽ അടക്കം എന്നും മുന്നിൽ നിന്നിരുന്ന റോയിയെ അനുസ്മരിക്കുകയാണ് നടൻ മോഹൻലാൽ. സൗഹൃദത്തിനും അപ്പുറമായ ബന്ധമായിരുന്നു തങ്ങൾ തമ്മിൽ ഉണ്ടായിരുന്നതെന്ന് മോഹൻലാൽ പറയുന്നു.

"എൻ്റെ പ്രിയ സുഹൃത്ത് സി ജെ റോയിയുടെ വിയോഗം വളരെയധികം വേദനാജനകമാണ്. വലിയ ദുഃഖത്തിൻ്റെ ഈ വേളയിൽ എൻ്റെ ഹൃദയം അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്. സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

അതേസമയം ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം.

പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.

മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല.


Actor Mohanlal remembers Roy.

Next TV

Top Stories










News Roundup