[moviemax.in] നാടക പരിശീലനത്തിനിടെ അന്തരിച്ച പ്രിയകലാകാരൻ കെ.വി. വിജേഷിന്റെ കലാസപര്യ അവസാനിക്കുന്നില്ല. വിജേഷ് പാതിവഴിയിൽ നിർത്തിയ നാടകം താനും മകളും സുഹൃത്തുക്കളും ചേർന്ന് പൂർത്തിയാക്കുമെന്ന് ഭാര്യയും നടിയുമായ കബനി അറിയിച്ചു.
വൈകാരികമായ ഒരു കുറിപ്പിലൂടെയാണ് തേവര സേക്രഡ് ഹാർട്ട് കോളജിൽ നാടക പ്രവർത്തനങ്ങൾ തുടരുന്ന വിവരം കബനി പങ്കുവെച്ചത്. "മരണമെന്നത് യാഥാർഥ്യത്തിലുള്ള ഒരു നാടകമാണ് എന്നത് വിജേഷേട്ടൻ എനിക്ക് തന്ന പുതിയ പാഠം.
ഇവിടെ മരണപ്പെട്ട നടൻ ഉടലോടെ സ്റ്റേജിൽ നിന്ന് പുറത്തുവരില്ല, പകരം കാണികളുടെ മനസ്സിൽ ജീവിക്കും," എന്ന് കബനി കുറിച്ചു. വിജേഷിന്റെ പാട്ടുകളെയും വരകളെയും നാടകങ്ങളെയും ലോകം ഇത്രത്തോളം ചേർത്തുപിടിക്കുമ്പോൾ, നാടകക്കാരിയാവാൻ താൻ എടുത്ത തീരുമാനം ഈ നിയോഗത്തിന് വേണ്ടിയായിരിക്കാം എന്നും അവർ കൂട്ടിച്ചേർത്തു.
എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിൽ നാടക പരിശീലനം നൽകുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു വിജേഷിന്റെ അന്ത്യം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം നാടകവേദിയിൽ സജീവമായ വിജേഷ്, രചയിതാവ്, സംവിധായകൻ, ആക്ടിങ് ട്രെയിനർ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.
കബനിയുമായി ചേർന്ന് അദ്ദേഹം രൂപീകരിച്ച 'തിയേറ്റർ ബീറ്റ്‌സ്' എന്ന സംഘടനയിലൂടെ വിദ്യാർത്ഥികൾക്കിടയിൽ നാടകത്തെ ജനകീയമാക്കി. 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ' തുടങ്ങിയ ജനപ്രിയ ഗാനങ്ങളുടെ രചയിതാവായ വിജേഷ് കോഴിക്കോട് സ്വദേശിയാണ്.
'മങ്കിപ്പെൻ', 'ആമി', 'ക്ലിന്റ്' തുടങ്ങി നിരവധി സിനിമകളിലെ അഭിനേതാക്കൾക്ക് അഭിനയ പരിശീലനം നൽകിയതും അദ്ദേഹമായിരുന്നു. തന്റെ പ്രിയതമന്റെ കലാചിന്തകൾക്കും സർഗ്ഗാത്മകതയ്ക്കും മരണമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കബനി ഇപ്പോൾ തേവരയിൽ നാടക കളരിയുമായി മുന്നോട്ട് പോകുന്നത്.
Wife Kabani says she, her daughter and friends will complete the play together

































