തിരുവനന്തപുരം: ( www.truevisionnews.com ) സാമുദായിക ഐക്യ നീക്കത്തിന് അംഗീകാരം നൽകി എസ്എൻഡിപി യോഗം. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം അനിവാര്യം എന്ന് എസ്എൻഡിപി യോഗം വിലയിരുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എൻഎസ്എസുമായി ചർച്ചകൾ നടത്താൻ തുഷാറിനെ ചുമതല പ്പെടുത്തിയിട്ടുണ്ട്. അതിൻ്റെ തീയ്യതി പിന്നീട് അറിയിക്കും. ചർച്ച ഏറ്റവും അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യ കാഹളം മുഴക്കിയതിനും സുകുമാരൻ നായർ തന്ന പിന്തുണയ്ക്കും നന്ദിയുണ്ട്. ഇനി എന്ത് തീരുമാനവും എൻഎസ്എസുമായി ആലോചിച്ചു മാത്രമായിരിക്കും. ഇനി എൻഎസ്എസുമായി കൊമ്പുകോർക്കില്ലെന്നും, മുൻപ് ഉണ്ടായത് പോലെ അല്ല ഇപ്പോഴെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയാകാൻ ജനപിന്തുണ സതീശനാണ് എന്ന എൻഡിടിവി സർവേയെയും വെള്ളാപ്പള്ളി പരിഹസിച്ചു. സർവേ വച്ച് എല്ലായിടത്തും ജയിച്ചിട്ടില്ല. ബീഹാറിൽ സർവ്വേ നടത്തിയിട്ട് എന്തായി എന്നും വെള്ളാപ്പള്ളി പറഞ്ഞപ്പോൾ, സർവേ നടത്തിയിടത്തെല്ലാം ജയിച്ചിട്ടുണ്ടോ എന്ന് തുഷാർ വെള്ളാപ്പള്ളിയും ചോദ്യമുന്നയിച്ചു.
മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്എൻഡിപി യോഗത്തിൻ്റെ ശൈലിയല്ല. ലീഗ് ചർച്ചക്ക് തയാറായാൽ അവരുമായും ചർച്ച ചെയ്യുമെന്ന് വെള്ളാപ്പള്ളി അറിയിച്ചു. സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയി. ഞാൻ ആയിരുന്നെങ്കിൽ ഖേദം പ്രകടിപ്പിക്കില്ലായിരുന്നു. സത്യം പറഞ്ഞതിന് എന്തിന് ഖേദിക്കണമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ലാ ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും, മതത്തിൻ്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്നു. ലീഗിൻ്റെ മതേതരത്വം തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്. മതത്തിനു വേണ്ടി മാത്രം ഭരണം നടത്തുന്ന ലീഗ് ഭരണഘടനാ ലംഘനം നടത്തുന്നു. മതേതര കപട നാടകങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കും. സാമൂഹിക നീതിക്കായുള്ള വെള്ളാപ്പള്ളി നടേശൻ്റെ പോരാട്ടത്തിന് നേതൃയോഗത്തിൻ്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും എസ്എൻഡിപി യോഗം പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കി.
vellappally natesan says there will be a meeting with nss leader sukumaran nair


































