കോഴിക്കോട്: ( www.truevisionnews.com ) ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത റിമാന്‍ഡിൽ. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്.
കോടതിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജാമ്യം നൽകണമെന്ന് ഷിംജിത കോടതിയിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് വരുമ്പോൾ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റും.
ഇന്ന് വൈകുന്നേരം വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാവുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.
deepak suicide accused shimjitha not granted bail

































