മലപ്പുറം: ( www.truevisionnews.com ) കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ ടെലഗ്രാംവഴി വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്‌വാൻ (20) ആണ് മലപ്പുറം സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലും അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയായിരുന്നു പ്രതി. പോക്സോ, ഐടി ആക്ട് വകുപ്പുകൾ ചുമത്തി 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.
മുമ്പ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോ ഡിവൈഎസ്‌പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഐ സി ചിത്തരഞ്ജൻ, സബ് ഇൻസ്‌പെക്ടർമാരായ നജ്മുദ്ദീൻ, അബ്ദുൾ ലത്തീഫ്, സിപിഒമാരായ ശ്രീപ്രിയ, അരുൺ, റിജിൽ, ജസീം, രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Pornographic videos including those of children were sold through Telegram Youth arrested in drug case

































