പുനലൂർ: (https://truevisionnews.com/) മുക്കടവ് ആളുകേറാ മലയിൽ മധ്യവയസ്കനെ കൊലപ്പെടുത്തി ചങ്ങലക്കിട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളിനെ തിരിച്ചറിഞ്ഞു. ആളിനെ കണ്ടെത്താൻ അന്വേഷണ സംഘം വ്യാഴാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ ജില്ലയിലെ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശിയായ അനികുട്ടൻ (പാപ്പർ-45) നെയാണ് പൊലീസ് അന്വേഷിക്കുന്നത്.
കൊലപാതകം നടന്നതിന് സമീപമുള്ള പെട്രോൾ പമ്പിൽ നിന്നും ഇയാളുടെ സി.സി.ടി.വി ദൃശ്യം ഒരു മാസം മുമ്പ് പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിന് ശേഷവും പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
എന്നാൽ ഇയാളുടെ ആധാർ രേഖകൾ ഉൾപ്പെടെ മറ്റ് വിവരങ്ങൾ പൊലീസിന് ലഭ്യമായി. നാടുവിട്ട് പോയിട്ടുണ്ടാകാമെന്ന സംശയത്തിൽ തെരച്ചിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാൾ ടൈൽസ് തൊഴിലാളിയാണെന്ന് പൊലീസ് അറിയിച്ചു. ഇരുനിറം, മെലിഞ്ഞ ശരീരം, കറുപ്പ്, കാവി കളർ ഷർട്ടും ലുങ്കിയുമാണ് സാധാരണ വേഷം. കാലിൽ പൊള്ളലേറ്റ് മുറിവ് ഉണങ്ങിയ പാടുണ്ട്. ഷോൾഡർ ബാഗും കയ്യിൽ സൂക്ഷിക്കാറുണ്ട്.
ഇടത് കാലിന് സ്വാധീനമില്ലാത്ത ഇല്ലാത്ത മധ്യവയസ്കനായ അജ്ഞാതന്‍റെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കഴിഞ്ഞ സെപ്റ്റംബർ 23 നാണ് കണ്ടെത്തിയത്. സെപ്റ്റംബർ 17 ന് വൈകിട്ട് 3.18 ന് കന്നാസുമായി അനികുട്ടൻ പമ്പിൽ നിൽക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
കൊലപാതകം നടന്ന് മൂന്ന് മാസമായിട്ടും കൊല്ലപ്പെട്ട ആളിനെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ആളിനെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്തി. അതിനിടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുന്ന തരത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളിനെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്.
പെട്രോൾ ശേഖരിച്ചിരുന്ന ഒഴിഞ്ഞ ഒരു വെള്ള കന്നാസ് മൃതദേഹത്തിന് സമീപത്ത് നിന്നും പൊലീസ് അന്ന് കണ്ടെടുത്തിരുന്നു. ഇതാണ് അനികുട്ടനിലേക്ക് അന്വേഷണം നീളാനുള്ള കാരണം.
ഒരാഴ്ച പഴക്കമുള്ള മൃതദേഹത്തിൻറ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഒപ്പം മുഖം ഉൾപ്പെടെ ശരീരഭാഗം ആസിഡ് ഒഴിച്ചു ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു.
പൊലീസ് പുറത്തുവിട്ട ചിത്രത്തിൽ ഉള്ള ആളിനെ തിരിച്ചറിയുന്നവർ താഴെയുള്ള നമ്പറുകളിൽ അറിയിക്കണമെന്ന് പുനലൂർ എസ്.എച്ച്. ഒ എസ്.വി. ജയശങ്കർ അറിയിച്ചു. ഫോൺ - സി.ഐ: 9497987038, എസ്.ഐ: 9497980205, സ്റ്റേഷൻ: 0475 2222700.
Middle-aged man killed and body chained to a tree: Suspect identified


































