തിരുവനന്തപുരം: ( www.truevisionnews.com ) തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് അല്ലെന്നും തിരുത്തൽ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശൻ കാറിൽ കയറിയത് മഹാ അപരാധമായി ചിലർ ചിത്രീകരിക്കുന്നു. പമ്പയിൽ പരിപാടി നടക്കുമ്പോൾ വെള്ളാപ്പള്ളിയെ കാറിൽ കയറ്റി. അത് അപരാധം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളെ തള്ളാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സമുദായ നേതാക്കൻമാർ അവരുടെ അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി തന്നെ അതിനെല്ലാം വിശദീകരണം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കോൺഗ്രസ്സും ബിജെപിയും ശബരിമലയുമായി ബന്ധപ്പെട്ട് വലിയ തോതിൽ പ്രചാരണം നടത്തി. സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിച്ചു. ഹൈക്കോടതി നിയോഗിച്ച എസ്ഐടിയെ സർക്കാർ പിന്തുണച്ചു. എസ്ഐടി വന്നപ്പോൾ സിബിഐക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എസ്ഐടി ഫലപ്രദമായി പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് ജനസമൂഹം നല്ല രീതിയിൽ വിലയിരുത്തി. ഇത് ബാധിക്കേണ്ട പന്തളം നഗരസഭ ബിജെപിക്ക് നഷ്ടപ്പെട്ടു. ശബരിമല വിവാദം എൽഡിഎഫിന് എതിരെങ്കിൽ പന്തളത്ത് തിരിച്ചടി വേണ്ടേ. കൊടുങ്ങല്ലൂരും നേട്ടം ഉണ്ടാക്കി. ശബരിമല വല്ലാതെ ബാധിച്ചില്ല. അതും ഒരു കാരണം ആയിരിക്കാം. തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി പ്രത്യേക സ്ഥിതിയിലാണ് സംഭവിച്ചത്.
എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫും ബിജെപിയും ഒന്നിച്ചു. പ്രാദേശിക നീക്ക് പോക്ക് ഉണ്ടാക്കി. ബിജെപിയെ ഫല പ്രദമായി പ്രതിരോധിച്ചത് എൽഡിഎഫാണ്. യുഡിഎഫ് പ്രതിപക്ഷമായ പാലക്കാട് അവർക്ക് നേട്ടം ഉണ്ടാക്കാൻ ആയില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ കൂടുതൽ വോട്ട് നേടിയത് എൽഡിഎഫാണ്.
12 ഓളം സീറ്റിൽ 60 ൽ താഴെ വോട്ടിനാണ് എൽഡിഎഫ് തോറ്റത്. ഇവിടങ്ങളിൽ യുഡിഎഫ് വോട്ട് 1000ൽ താഴെയാണ്. യുഡിഎഫ് ജയിച്ച വാർഡിൽ ബിജെപിക്ക് 1000 ൽ താഴെ വോട്ടാണ് കിട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
pinarayi vijayan reacts on vellappally natesan controversy


































