2025ലെ മലയാള സിനിമാ ഇൻഡസ്ട്രിയിലെ ലാഭ നഷ്ട കണക്കുകളുമായി നിർമാതാക്കളുടെ സംഘടന. ഈ വർഷം ഇതുവരെ റിലീസ് ആയ 183 ചിത്രങ്ങളിൽ 15 ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ നേട്ടം കൊയ്തത് എന്നാണ് സംഘടനയുടെ വിലയിരുത്തൽ. ആകെ നേരിട്ട നഷ്ടം 360 കോടിയുടേതാണ്. താരങ്ങളുടെ പ്രതിഫലം താങ്ങാനാകുന്നതിലും അധികമാണെന്നും സിനിമാ നിർമാണം കുറഞ്ഞുവരികാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടിയ 15 ചിത്രങ്ങളിൽ എട്ട് എണ്ണം സൂപ്പർ ഹിറ്റുകളും ഏഴ് സിനിമകൾ ഹിറ്റുകളുമാണെന്നാണ് നിർമാതാക്കളുടെ സംഘടന അറിയിക്കുന്നത്. ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം സൂപ്പർ ഹിറ്റുകൾ. കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രൊമാൻസ് എന്നിവ ഏഴ് ഹിറ്റുകളും. ബാക്കി 168 ചിത്രങ്ങളും തിയേറ്ററുകളിൽ നഷ്ടമാണെന്നാണ് നിർമാതാക്കളുടെ സംഘടനയുടെ വിലയിരുത്തൽ.
മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ', ഷെയ്ൻ നിഗം ചിത്രം 'ഹാൽ', നിവിൻ പോളിയുടെ 'സർവം മായ' എന്നിങ്ങനെ അഞ്ച് ചിത്രങ്ങളാണ് ഈ വർഷം ഇനി റിലീസാകാനുള്ളത്. വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രങ്ങളെ സിനിമാ വ്യവസായം നോക്കിക്കാണുന്നത്. ക്രിസ്മസ് സീസണിൽ ഈ ചിത്രങ്ങളുടെ പ്രകടനം എന്താണെന്നത് നിർണായകമാകും.
അതേസമയം, 2025ൽ ഇറങ്ങിയ മലയാള സിനിമകളിൽ ചെറിയൊരു ശതമാനം മാത്രമാണ് വിജയിച്ചതെന്ന് കഴിഞ്ഞ ദിവസം ഫിലിം ചേമ്പറും വ്യക്തമാക്കിയിരുന്നു. ഇരട്ട നികുതി ഒഴിവാക്കാത്തതിനാൽ സർക്കാരിനെതിരെ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ചേമ്പർ. സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ പ്രദര്‍ശനത്തിന് നല്‍കേണ്ടെന്നാണ് തീരുമാനം.
കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ പൂര്‍ണമായും ബഹിഷ്കരിക്കാനാണ് തീരുമാനമെന്നും ജനുവരി മുതല്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്.
producers association hits and flops malayalam film industry 2025

































