മലപ്പുറം: ( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഹോർത്തൂസ് വേദിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണെന്ന് വിഡി സതീശൻ പറഞ്ഞു. അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ലെന്നും രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.
എന്നാൽ രാഹുലുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ കൂടുതൽ ചോദ്യങ്ങൾക്ക് നോ കമന്റസ് എന്നായിരുന്നു മറുപടി. അതേസമയം, രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക.
യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്ന് രാഹുൽ ഹർജിയിൽ പറയുന്നു. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്.
അന്വേഷണവുമായി സഹകരിക്കും. അത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഹർജിയില്‍ പറയുന്നു. കൂടാതെ പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്‍റെ ഹര്‍ജിയിലുണ്ട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം.
തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയിരിക്കുന്നത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ക്രമസമാധാന ചുമതലയുളള എഡിജിപി ആയിരിക്കും ഉത്തരവ് പുറത്തിറക്കുക.
vd satheesan reacts on sexual harrasment complaint over rahul mamkoottathi

































