പാലക്കാട്: ( www.truevisionnews.com ) വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മന്ത്രി എം.ബി രാജേഷ്. പരാതിയുടെ സമയം ശരിയായില്ലെന്ന് പറയുന്നത് ജനങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നാണ് എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് സൈബര്‍ സംഘങ്ങള്‍ നടത്തുന്ന അധിക്ഷേപങ്ങളെല്ലാം കാണുമ്പോള്‍ മനസ്സിലാകുന്നത് ഇവര്‍ സ്ത്രീകളുടെ പക്ഷത്തല്ല എന്നാണ്. പരാതിയുടെ സമയം ശരിയായില്ല എന്നൊക്കെ പറയുന്നത് ജനങ്ങള്‍ വിലയിരുത്തും.' ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നത് ശ്രദ്ധയില്‍ പെട്ടിട്ടും ഹൃദയശൂന്യമായ നടപടിയെടുക്കാന്‍ ആര്‍ക്കാണ് കഴിയുകയെന്നും ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂര്‍ ജാമ്യഹര്‍ജിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും കേസിന് പിന്നിൽ സിപിഎം -ബിജെപി ബന്ധമുണ്ടെന്നുമാണ് പ്രധാന വാദം. പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യയാണെന്നും ജാമ്യ ഹര്‍ജിയിൽ പറയുന്നു. ഫെയ്സ് ബുക്ക് വഴി പരാതിക്കാരിയാണ് താനുമായി സൗഹൃദം സ്ഥാപിച്ചത്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. എന്നാൽ, ഗർഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണെന്നും താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഹുൽ ജാമ്യ ഹര്‍ജിയിൽ പറയുന്നു. ഗൂഢാലോചനയുടെ ഭാഗമായി റെക്കോഡ് ചെയ്ത ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറി.
പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചു. പരാതിക്കാരി ഇക്കാര്യം തന്നെ അറിയിച്ചിട്ടുണ്ട്. അതിന് തെളിവുകളുമുണ്ടെന്നും മുഖ്യമന്ത്രിയക്ക് പരാതി നൽകിയത് രാഷ്ട്രീയ താൽപ്പര്യത്തോടെയാണെന്നും രാഹുൽ വാദിക്കുന്നു.
ഗർഭചിദ്രം നടത്തിച്ചെന്ന വാദം നിലനിൽക്കില്ലെന്നും പരാതിക്കാരി സ്വയമാണ് മരുന്ന് കഴിച്ചതെന്നും പരാതിക്കാരി ഗര്‍ഭിണിയാണെന്ന വാദം അംഗീകരിച്ചാൽ തന്നെ അതിന്‍റെ ബാധ്യത ഭര്‍ത്താവിനാണെന്നും രാഹുലിന്‍റെ ജാമ്യ ഹര്‍ജിയിൽ പറയുന്നു.
തിരുവനന്തപുരം ജില്ലാ കോടതിയിലാണ് രാഹുൽ മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്‍റെ വാദം. പൊലീസിന്‍റെ തിടുക്കപ്പെട്ടുള്ള അന്വേഷണത്തിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുൽ ഹര്‍ജിയിൽ പറയുന്നു.
minister mb rajesh about rahul mamkoottatthil

































