കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് ജില്ലാ കലോത്സവ വേദിയിൽ മാനവികമായ ഒരു സന്ദേശം നൽകി കൊയിലാണ്ടി സിൽവർ ഫീൽഡ് എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാർത്ഥി കെ. വിജയ് മോണോ ആക്ടിന് ഒന്നാം സമ്മാനവും 'എ' ഗ്രേഡും നേടി.
ഇറാനിയൻ വനിതയായ മഹ്‌സ അമിനിയുടെ ദുരന്തകഥയുടെ പശ്ചാത്തലത്തിൽ, സ്ത്രീകളോടുള്ള കരിനിയമങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു വിജയ് അവതരിപ്പിച്ച ഏകാംഗ നയം.
ഈ നേട്ടം കൈവരിക്കുന്നതിന് മുമ്പ്, കരൾ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന തന്റെ ഗുരുനാഥന്റെ അനുഗ്രഹം തേടിയാണ് വിജയ് കലോത്സവത്തിന് എത്തിയത്.
വിജയയുടെ ഗുരുനാഥൻ കലാഭവൻ പ്രദീപ് ലാൽ ശസ്ത്രക്രിയയ്ക്കുശേഷം വള്ളിക്കുന്നിലെ വീട്ടിൽ വിശ്രമ ത്തിലാണ്. ഗുരുനാഥന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അനുവാദം വാങ്ങി അദ്ദേഹം എഴുതിയ മോണോ ആക്ട് അവതരിപ്പിച്ച് ഒന്നാം സ്ഥാനമെന്ന നേട്ടം സ്വന്തമിക്കിയപ്പോൾ കെ.വിജയ് പറഞ്ഞത് ഇതാണ്: "ഇതിൻ്റെ ഗുരു ദക്ഷിണയാണ് ....''
'സ്‌റ്റോണിങ് ഓഫ് സുരയ്യ' എന്ന ഇറാനിയൻ സിനിമയെ ആസ്പദമാക്കി ഗുരുനാഥനായ പ്രദീപ് ലാൽ എഴുതിയ മോണോ ആക്ട‌് ആണ് വിജയ്ക്ക് ഇത്തവണ ഒന്നാംസ്‌ഥാനം നേടിക്കൊടുത്തത്.
ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്ന കാരണം പറഞ്ഞ് സദാചാര പൊലീസ് അറസ്‌റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത ഇറാൻ വനിത മഹ്സ അമിനിയുടെ കഥയായിരുന്നു വിജയുടെ ഏകാഭിനയത്തിലെ പ്രമേയം.
മാനവികതയ്ക്ക് അതിരുകളില്ല എന്ന സന്ദേശമാണ് വിജയിലൂടെ കലോത്സവ പ്രേക്ഷകരിലേക്ക് എത്തിയത് . മഹ്സ അമിനിയുടെ സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണ് "സ്റ്റോണിങ് ഓഫ് സുരയ്യ.' ഇതിൽ നിന്നുമുള്ള സ്ത്രീകൾക്കെതിരെയുള്ള കരിനിയമങ്ങളെയാണ് മോണോ ആക്ടിൽ അവതരിപ്പിച്ചത്.
ഭർത്താവിന്റെ ചതിയിൽപ്പെട്ട് മതകോടതി കല്ലെറിഞ്ഞ് കൊല്ലാൻ വിധിക്കുന്ന സ്ത്രീയാണ് കേന്ദ്ര കഥാപാത്രം. അമ്മയെന്ന പരിഗണനപോലും ഇല്ലാതെ മകൻ അമ്മയെ കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യുന്നതാണ് അഞ്ച് മിനിറ്റിനുള്ളിൽ വിജയ് അരങ്ങിലെത്തിച്ചത്. കലാഭവൻ പ്രദീപ്ലാലി ന്റെ ആശയവും ആവിഷ്കാരവുമാണിത്.
കലോത്സവ വേദികൾ കേവലം മത്സരങ്ങൾക്കപ്പുറം പുരോഗമനപരമായ ആശയങ്ങളുടെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും കൂടി വേദിയായി മാറുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി വിജയുടെ ഈ പ്രകടനം.
പന്തീരാങ്കാവ് പുത്തൂർമഠം കുഴുക്കണ്ടത്തിൽ കെ. ബാബുരാജിന്റെയും സജിതയുടെയും മകനാണ് വിജയ്.
Kozhikode District Revenue Kalolsavam, Mono Act Competition, First Place K Vijay


































