ആലപ്പുഴ: (https://truevisionnews.com/) അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗീസും കരാർ കമ്പനിയായ അശോക ബിൽഡ്കോൺ അധികൃതരും വിശദീകരണങ്ങളുമായി രംഗത്തെത്തി. ഗതാഗത നിയന്ത്രണങ്ങൾ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
സംഭവത്തിൽ അശോക ബിൽഡ്കോൺ കമ്പനിയോട് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹൈഡ്രോളിക് ജാക്കിയിൽ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന സ്ഥലത്ത് ഗതാഗത നിയന്ത്രണം പാലിക്കണമെന്ന് കൃത്യമായി നിർദ്ദേശം നൽകിയിരുന്നു എന്നും കളക്ടർ അറിയിച്ചു. എങ്കിലും, ഇത്രയും വലിയ ജോലി നടക്കുമ്പോൾ പൂർണമായും ഗതാഗതം തടയാൻ കഴിയില്ലെന്നും, നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും കളക്ടർ അലക്സ് വർഗീസ് വ്യക്തമാക്കി.
അപകടത്തെക്കുറിച്ച് അശോക ബിൽഡ് കോൺ കൺസ്ട്രക്ഷൻ കോഓർഡിനേറ്റർ വേണു ഗോപാൽ നൽകിയ വിശദീകരണം നാട്ടുകാർ തള്ളി. അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് വേണു ഗോപാൽ പറഞ്ഞു. കൂടാതെ, തങ്ങൾ സാധാരണയായി വാഹനങ്ങളെ കടത്തി വിടാറില്ലെന്നും, അപകടം നടന്ന സമയത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നുവെന്നും, എന്നിട്ടും ഒരു വാഹനം കടന്നുപോയതാണ് അപകടത്തിന് കാരണമായതെന്നുമാണ് കമ്പനിയുടെ പ്രതിനിധി പറഞ്ഞത്. എന്നാൽ, നിർമ്മാണ സ്ഥലത്ത് റോഡ് ബ്ലോക്ക് ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കമ്പനി പ്രതിനിധി ഗതാഗതം നിയന്ത്രിച്ചിരുന്നു എന്ന് പറഞ്ഞതോടെ നാട്ടുകാർ ബഹളം വെക്കുകയും വേണു ഗോപാലിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു.
Aroor Highway accident, hydraulic jack, collector
































