(moviemax.in) കോഴിക്കോടൻ ശൈലിയിലൂടെ കോമഡി പറഞ്ഞ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ഹരീഷ് കണാരൻ. ഒരു കാലത്ത് ടെലിവിഷനിലും പിന്നീട് സിനിമയിലും നിറഞ്ഞുനിന്ന ഹരീഷ് കുറച്ചു നാളായി സജീവമല്ലായിരുന്നു. അഭിനയത്തിൽ ഇടവേള വന്നതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറുടെ ചതിയാണ് തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുത്തിയതെന്ന് ഹരീഷ് വെളിപ്പെടുത്തുന്നു.
ഹരീഷിന്‍റെ വാക്കുകൾ
കോവിഡ് സമയത്ത്, തീരുമാനിച്ചുറപ്പിച്ച കുറച്ചു സിനിമകൾ നഷ്ടമായിരുന്നു. പിന്നീട് സിനിമകളുടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നതായി തോന്നുന്നുണ്ട്. വയലൻസ് ഉള്ള സിനിമകൾക്കും മറ്റും വലിയ പ്രചാരം കിട്ടി. അതുമാത്രമല്ല കാരണം, എന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ ഉണ്ടായിരുന്നു.
മലയാളത്തിൽ ഒട്ടുമിക്ക സിനിമകളും ഒരു കാലത്ത് കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഞാൻ ഒരു 20 ലക്ഷത്തോളം രൂപ കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു തന്നു.
എന്റെ വീടുപണി നടക്കുന്ന സമയത്ത് ബാക്കി പൈസ ഞാൻ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലാവണം, അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ടമായി.
പിന്നീട് ടൊവീനോ കണ്ടപ്പോൾ എന്നോട് ചോദിച്ചു, ‘ചേട്ടനെ കണ്ടില്ലല്ലോ’എന്ന്. ഇങ്ങനെ ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായി. അതാണ് പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തോന്നിയത്. കുറേ കാലത്തിന് ശേഷം ഇപ്പോഴാണ് അഭിനയത്തിൽ വീണ്ടും സജീവമാകുന്നത്.
ഞാൻ സിനിമയിൽ സജീവമായിരുന്ന കാലത്ത് നല്ല പൈസ വാങ്ങി തന്നെയാണ് അഭിനയിച്ചിരുന്നത്. ഒരുപാട് സിനിമകളും അക്കാലത്ത് കിട്ടിയിരുന്നു. ഞാൻ ആ പൈസയൊന്നും ദുരുപയോഗം ചെയ്തില്ല. മറ്റ് അനാവശ്യ ചെലവുകളൊന്നും ഇല്ലായിരുന്നു.
എല്ലാം ഞാൻ സ്വരുക്കൂട്ടിവച്ചു. പിന്നെ സിനിമയിൽ തിരക്കുള്ള കാലത്തും ഞാൻ സ്റ്റേജ് ഷോകൾ ഒഴിവാക്കിയിരുന്നില്ല. അതുകൊണ്ട് സിനിമയില്ലാത്ത കാലത്ത് സ്റ്റേജ് ഷോ എന്നെയും കൈവിട്ടില്ല. ഇപ്പോഴും സ്റ്റേജ് ഷോകൾ സജീവമായി ചെയ്യുന്നുണ്ട്. ക
ഴിഞ്ഞയാഴ്ച ഓസ്ട്രേലിയയിൽ ഒരു ഷോ ചെയ്തു. അതുകൊണ്ടുതന്നെ സിനിമ ഇല്ലാതിരുന്ന കാലത്തും എനിക്ക് സാമ്പത്തികമായി അത്രയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല...ഹരീഷ് മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
harishkanaran says he lost his role arm




























