തിരുവനന്തപുരം : (https://truevisionnews.com/) പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് അതൃപ്തി.
കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടുവെന്നും കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ പരാജയവും മറ്റൊരു കൂട്ടരുടെ വിജയവുമായി വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരയ്ക്ക് അയച്ച കത്താണ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കത്ത്. അത് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണെന്ന നിലയിലും ചിലര്‍ വിലയിരുത്തുന്നു.
ഇടതുപക്ഷ രാഷ്ട്രീയം നന്നായി സിപിഐഎമ്മിന് അറിയാം. എസ്എസ്‌കെ ഫണ്ട് കേരളത്തിന്റെ അവകാശം ആണ്. അത് ആരുടെയും ഔദാര്യം അല്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. '45 മിനിറ്റ് നേരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി.
കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുകയാണ് ലക്ഷ്യം. പിഎം ശ്രീ പദ്ധതിയിലെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രിയുമായി സംസാരിക്കുകയും ഇന്നലെ കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് അജണ്ട കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പ്രശ്‌നമേയില്ല.
ആരൊക്കെയാണ് സമരം ചെയ്തത് ഇടപെട്ടത് ത്യാഗം സഹിച്ചതെന്നും അളക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. ജനം തീരുമാനിക്കട്ടെ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്, എന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
'പിഎം ശ്രീ ഫണ്ടിനെക്കുറിച്ചല്ല കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തത്. എസ്എസ്‌കെ ഫണ്ടിനെയും മറ്റു ഫണ്ടിനെയും കുറിച്ചാണ് സംസാരിച്ചത്. കത്ത്‌കൊടുത്ത സ്ഥിതിക്ക് ഇനി ബാക്കി ഫണ്ട് കിട്ടുമോയെന്ന കാര്യത്തില്‍ സംശയം ഉണ്ട്.
എസ്എസ്‌കെ ഫണ്ടായ 1157 കോടി കിട്ടിയില്ലെങ്കില്‍ ഉത്തരവാദിത്തം തനിക്കില്ല. ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് മാത്രമെ ഉത്തരവാദിത്തം ഉള്ളൂവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു', വി ശിവന്‍കുട്ടി പറഞ്ഞു.
vsivankutty against cpi over pmshree letter


































