കോഴിക്കോട്: ( www.truevisionnews.com ) ബസ് ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്. രാമനാട്ടുകരയിൽ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനിടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
താഴെ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നാട്ടുകാർ ഓടിക്കൂടി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
മറ്റൊരു സംഭവത്തിൽ കെഎസ്ആർടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടർന്ന് യാത്രക്കാരിക്ക് പരിക്ക്. ബസ് സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്നാണ് യാത്രക്കാരി തെറിച്ചു വീണത്. അപകടത്തിൽ യാത്രക്കാരിയുടെ തലയ്ക്കും കൈക്കും പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്.
കോതമംഗലത്ത് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ഈ ബസ്സിനെ കുന്നമംഗലം മുതൽ സ്വകാര്യ ബസ് മറികടക്കാൻ ശ്രമിച്ചിരുന്നതായി യാത്രക്കാർ പറയുന്നു. താമരശ്ശേരിയിലെത്തിയപ്പോൾ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഓവർ ടേക്ക് ചെയ്തപ്പോഴാണ് കെഎസ്ആർടിസി ബസ് സഡൻ ബ്രേക്കിട്ടത്.
ഇതോടെ യാത്രക്കാരി തെറിച്ചുവീഴുകയായിരുന്നു. ബസ്സിൻ്റെ ഡോർ അടച്ചിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. യാത്രക്കാരിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
A scooter passenger died tragically after a private bus ran over her body in Kozhikode