കോഴിക്കോട്: (www.truevisionnews.com) മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും കൈകാര്യം ചെയ്യുന്നതും സമൂഹത്തോട് ചെയ്യുന്ന ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ അഞ്ച് മാസം പെതുഇടത്തിൽ മാലിന്യം വലിച്ചെറിഞ്ഞതിൻ്റെ പിഴയായി വകുപ്പ് ഈടാക്കിയത് കൊണ്ട് 8.55 കോടി രൂപയാണെന്നും കോഴിക്കോട് ബീച്ച് വെന്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
കേരളത്തിൽ ഗ്രാമവും നഗരവും തമ്മിലുള്ള അതിർവരമ്പ് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നഗരവത്ക്കരണം ഉയർത്തുന്ന വെല്ലുവിളികളെ കൈകാര്യം ചെയ്യുകയും അത് തുറന്നു തരുന്ന സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യാൻ സാധിക്കുമ്പോഴാണ് വികസനം പൂർണമാകുന്നത്. ഇതിലാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ദേശീയ നഗര ഉപജീവന ദൗത്യം, ദേശീയ ആരോഗ്യ ഉപജീവന ദൗത്യം എന്നീ പദ്ധതികളുമായി സംയോജിപ്പിച്ചാണ് കോർപ്പറേഷൻ ബീച്ചിൽ ഫുഡ് സ്ട്രീറ്റ് സ്ഥാപിച്ചത്. 3.44 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഫുഡ് സ്ട്രീറ്റിൽ 90 കച്ചവടക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്.
ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ പി ദിവാകരൻ, ഡോ. എസ് ജയശ്രീ, പിസി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, സി രേഖ, വാർഡ് കൗൺസിലർമാരായ മോയിൻകുട്ടി, റെനീഷ്, എം എസ് തുഷാര, സെക്രട്ടറി കെ യു ബിനി, മറ്റ് ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Garbage dumping fines collected in five months amount to Rs 8.55 crore Minister M B Rajesh inaugurates the venting market cum food street on the beach