(moviemax.in) ഈ വർഷം റെക്കോർഡ് വിജയം നേടിയ മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ 'ലൂസിഫർ' രണ്ടാം ഭാഗമായ 'എമ്പുരാന്' നേരെ ഉയർന്ന സംഘപരിവാർ വിമർശനങ്ങളെ ശക്തമായി എതിർത്ത് നടിയും സംവിധായകൻ പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരൻ. സിനിമയുടെ ഉള്ളടക്കത്തേക്കാൾ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഈ വിമർശനങ്ങൾക്ക് പിന്നിലെന്ന് അവർ തുറന്നടിച്ചു. സൈന സൗത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ നിലപാട് വ്യക്തമാക്കിയത്.
"എത്രയോ കാലങ്ങളായി രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമകൾ വരുന്നു. കായംകുളം കൊച്ചുണ്ണി, ഇത്തിക്കര പക്കി തുടങ്ങിയ ചരിത്ര-രാഷ്ട്രീയ സ്വഭാവമുള്ള ചിത്രങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. അന്നും ഇത്രയും ബഹളം കണ്ടിട്ടില്ല," മല്ലിക പറഞ്ഞു. രാഷ്ട്രീയം അടിസ്ഥാനമാക്കി സിനിമകളെ വിലയിരുത്തുന്നതിലെ അസംബന്ധം ചൂണ്ടിക്കാട്ടി മല്ലിക സുകുമാരൻ ആർ. ശരത്ത് സംവിധാനം ചെയ്ത 'സായാഹ്നം' (2000) എന്ന ചിത്രത്തെ ഉദാഹരണമായി പറഞ്ഞു.
സായാഹ്നം എന്ന ശരത്തിന്റെ ഗംഭീര ഒരു സിനിമയുണ്ട് അതിൽ പറയുന്നത് സഖാവ് ഇ എം എസിനെ കുറിച്ചാണ്. ആ സിനിമ അദ്ദേഹത്തെ പൊക്കാൻ വേണ്ടി എടുത്തതാണ് എന്ന് പറയുകയാണെങ്കിൽ അവർക്ക് അടി കൊടുക്കേണ്ടേ. സഖാവ് ഇ എം എസ് ബഹുമാനിക്കപ്പെടേണ്ട വ്യക്തി തന്നെയാണ്. അപ്പോൾ അദ്ദേഹത്തിന്റെ പടം എടുത്താൽ അതൊരു കമ്മ്യൂണിസ്റ്റ് പടമാണെന്ന് പറയുന്നവരെ കണ്ടാൽ മണ്ടൻ എന്ന് മാത്രമേ ഞാൻ പറയുകയുള്ളൂ. അദ്ദേഹത്തിന്റെ ഗുണങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന സിനിമ കാണാൻ പ്രോത്സാഹിപ്പിക്കുകയാണ് ഞാൻ ചെയ്യുക. കോൺഗ്രസ്ക്കാർക്ക് ഒരിക്കലും ഇഎംഎസ് ഒരു നല്ല മനുഷ്യൻ ആണെങ്കിൽ കൂടി അങ്ങനെ പറയാൻ പറ്റില്ലല്ലോ അത് രാഷ്ട്രീയമാണ്,' മല്ലിക സുകുമാരൻ പറഞ്ഞു.
mallikasukumaran says politics is behind the uproar over the movie empuraan