( moviemax.in) സാധാരണക്കാരിയായി ജീവിക്കാനിഷ്ടപ്പെടുന്നയാളാണ് നടി അനുശ്രീ. താരജാഡകളോടെ ഒരിക്കലും അനുശ്രീയെ ജനം കണ്ടിട്ടില്ല. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അനുശ്രീ ആദ്യ സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. കോമഡിയും വെെകാരിക രംഗങ്ങളും അനായാസം ചെയ്യാൻ പറ്റുന്ന നടിമാരിൽ ഒരാളുമാണ് അനുശ്രീ. പുതിയ അഭിമുഖത്തിൽ അനുശ്രീ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫറ ഷിബ്ലയുമായുള്ള അഭിമുഖത്തിലാണ് അനുശ്രീ മനസ് തുറന്നത്.
ഞാനങ്ങനെ സ്ക്രിപ്റ്റ് വായിച്ച് ഭയങ്കരമായി അതേക്കുറിച്ച് ചിന്തിക്കുന്ന ആളല്ല. എനിക്കത് പറ്റില്ല. ആരെങ്കിലും വിളിച്ചാൽ ഞാൻ എണീറ്റ് പോകും. ലൊക്കേഷനിൽ ചില ആൾക്കാർ മസിൽ പിടിച്ചിരിക്കും. എന്താണവർ മിണ്ടാത്തെ എന്ന് ചോദിച്ചാൽ ക്യാരക്ടറിലാണെന്ന് പറയും. അതെങ്ങനെയാണ് പറ്റുകയെന്ന് ഞാൻ ചോദിക്കും. ഞാനൊക്കെ കട്ട് പറഞ്ഞാൽ അപ്പോൾ നാരങ്ങാ വെള്ളം ഉണ്ടോ എന്ന് ചോദിക്കും. അല്ലെങ്കിൽ മൊബെെലിൽ കുത്തും. എനിക്കങ്ങനെ പറ്റില്ല. കട്ട് പറയാൻ ഞാൻ വെയിറ്റ് ചെയ്യും. സ്ക്രിപ്റ്റ് വായിക്കുമ്പോൾ ഡയരക്ടറോട് ചോദിച്ച് മനസിലാക്കും. അല്ലാതെ സ്വയം ചിന്തിച്ച് ഇമോഷൻ കൊടുക്കാനൊന്നും താൻ ശ്രമിക്കാറില്ലെന്നും അനുശ്രീ പറയുന്നു.
നമ്മൾ ഇവിടെയുണ്ടെന്ന് അറിയിക്കണമെന്ന രീതിയാണിപ്പോൾ. പക്ഷെ ഞാനതിൽ വീക്കാണ്. സിനിമയിലുള്ളവരെ ഓർമ്മിപ്പിക്കണം എന്നത് എനിക്കിതുവരെ വർക്കായിട്ടില്ല. ഞാൻ ഇവിടെയുണ്ടെന്ന് അവർക്കറിയാലോ. ഒന്നുമില്ലെങ്കിൽ ഞാൻ സുഖമായി സ്വന്തം നാടായ കമുകുംചേരിയിൽ പോയിരിക്കും. ഞാനതിനെ പറ്റി ആലോചിക്കാറില്ല. ഇഎംഐ അടയ്ക്കണമെന്നത് വേറെ കാര്യം. 12ാം തിയതിക്ക് മുമ്പ് ഞാനൊന്ന് ആലോചിക്കും.
ഈ വട്ടത്തെ ഇഎംഐ പോകാനുള്ള കാശുണ്ടെങ്കിൽ എനിക്ക് പിന്നെ വേറൊന്നുമില്ല. ബാധ്യതകളില്ലെന്നല്ല. പക്ഷെ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. സിനിമയിൽ വന്ന സമയത്തൊന്നും അങ്ങനെ ശീലിക്കാത്തത് കൊണ്ടായിരിക്കും. പക്ഷെ എന്റെ ചുറ്റും നിൽക്കുന്നവർ അതിലൊന്നും പറയാറില്ല. കഥ ഇന്നുവരെ ആണ് ഞാൻ അവസാനം ചെയ്ത സിനിമ. സെപ്റ്റംബറാകുമ്പോൾ ഒരു വർഷമായി. പക്ഷെ എനിക്ക് ചുറ്റുമുള്ള ആരും ചോദിക്കാറില്ല. എപ്പോഴെങ്കിലും എനിക്കുള്ളത് വന്നോളും. അത് വരട്ടെ. അതില്ലെങ്കിൽ ഞാൻ കമുകുംചേരിയിൽ ഇരിക്കും. ഒറ്റയ്ക്ക് ഇരിക്കുമ്പോഴായിരിക്കും ഇതേക്കുറിച്ച് ചിന്തിക്കുക. പക്ഷെ ഞാൻ ഒറ്റയ്ക്ക് ഇരിക്കാറില്ലെന്നും അനുശ്രീ പറഞ്ഞു.
സിനിമാ ലോകത്തിന്റെ നിറപകിട്ടിൽ സ്വയം മറക്കാത്ത നടിയാണ് അനുശ്രീയെന്ന് ആരാധകർ പറയാറുണ്ട്. നാട്ടിലെ പരിപാടികൾക്കെല്ലാം അനുശ്രീ മുന്നിലുണ്ട്. ഇത്തരം പരിപാടികൾ തനിക്കിഷ്ടമാണെന്നും സിനിമാ നടിയായല്ല താൻ നാട്ടിൽ നടക്കാറെന്നും അനുശ്രീ പറഞ്ഞിട്ടുണ്ട്. നെക്സ്റ്റ് ഡോർ ഗേൾ ഇമേജിൽ ജനപ്രീതി നേടിയ അനുശ്രീക്ക് ഇതിഹാസ എന്ന സിനിമയിലാണ് ഈ ഇമേജിൽ നിന്നും വ്യത്യസ്തമായ റോൾ ലഭിച്ചത്.
കരിയറിൽ കയറ്റിറക്കങ്ങൾ അനുശ്രീക്ക് ഉണ്ടായിട്ടുണ്ട്. അടുത്ത് കാലത്തൊന്നും എടുത്ത് പറയാൻ ഒരു ഹിറ്റ് സിനിമ താരത്തിന് ഇല്ല. എന്നാൽ കരിയറിൽ ഇത്രയും കാലം നിലനിൽക്കാൻ പറ്റിയത് ഭാഗ്യമാണെന്ന് അനുശ്രീ പറയാറുണ്ട്. 2012 ൽ തുടങ്ങിയ സിനിമാ യാത്രയാണ് അനുശ്രീയുടേത്. 2025 വരെ കരിയറിൽ നായിക നടിയായി സാന്നിധ്യമറിയിക്കാൻ അനുശ്രീക്ക് കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അനുശ്രീ. നടിയുടെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടാറുണ്ട്. 34 കാരിയാണ് അനുശ്രീ. മലയാളത്തിൽ നടിക്ക് വീണ്ടും ശ്രദ്ധേയ സിനിമകൾ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
anusree opensup about her career graph says not worried about movies