ദാദാസാഹേബ് ഫാൽക്കേ പുരസ്കാര നിറവിൽ നിൽക്കുകയാണ് നടൻ മോഹൻലാൽ. ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായെത്തുന്നത്. മോഹൻലാലിന് ഫാൽക്കേ പുരസ്കാരം ലഭിച്ച സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി.
‘രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച എന്റെ പ്രിയ സുഹൃത്ത്, മലയാളത്തിന്റെ സ്വന്തം മോഹൻലാല്‍, ആശംസകൾ’, സുരേഷ് ഗോപി കുറിച്ചു.
ഇന്ത്യൻ ചലച്ചിത്രകലയുടെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനുമേകിയ അതുല്യസംഭാവനകൾ പരിഗണിച്ചാണ് 2023-ലെ പുരസ്കാരം.
2004-ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുലഭിച്ച് രണ്ടുപതിറ്റാണ്ടാകുമ്പോഴാണ് ഈ ദേശീയ ബഹുമതി മലയാളസിനിമയിലേക്കെത്തുന്നത്. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്രപുരസ്കാര വിതരണച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും സ്വർണകമൽ മുദ്രയും ഫലകവുമാണ് ബഹുമതി. കേന്ദ്ര വാർത്താവിതരണമന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
Suresh Gopi congratulates Mohanlal for bringing the Phalke Award back to Malayalam dear friend