(moviemax.in) അമ്മയുടെയും അച്ഛന്റെയും സ്നേഹം കിട്ടാതെ വളർന്ന കാലത്തെക്കുറിച്ച് ഓർത്തെടുത്ത് നടി ലക്ഷ്മി പ്രിയ. കബീർ, റംലത്ത് എന്നിവരുടെ മകളായി ഒരു മുസ്ലിം കുടുംബത്തിലാണ് ലക്ഷ്മി പ്രിയ ജനിച്ചത്. ലക്ഷ്മി പ്രിയക്ക് രണ്ട് വയസുള്ളപ്പോഴാണ് മാതാപിതാക്കൾ പിരിഞ്ഞത്. ആ കാലത്തെക്കുറിച്ച് താൻ കേട്ടറിഞ്ഞ കാര്യവും തന്റെ അനുഭവങ്ങളും ലക്ഷ്മി പ്രിയ പങ്കുവെക്കുന്നു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് ലക്ഷ്മി പ്രിയ മനസ് തുറന്നത്.
അമ്മയും അച്ഛനും പിരിഞ്ഞതിന് എന്താണ് കാരണമെന്ന് അറിയില്ല. അമ്മയോട് ചോദിച്ചാൽ അച്ഛന്റെ കുറ്റവും അച്ഛനോട് ചോദിച്ചാൽ അമ്മയുടെ കുറ്റവും പറയും. പക്ഷെ എനിക്ക് എന്റെ അമ്മയെ ചേർത്ത് പിടിക്കാനാണ് ഇഷ്ടം. അമ്മയുമായി പക്ഷെ എനിക്കൊരു ബന്ധവുമില്ല. ശബ്ദം തന്നെ കേട്ടിട്ട് വർഷങ്ങളായി. ആരോഗ്യത്തോടെ സുന്ദരിയായി അമ്മ ജീവിച്ചിരിപ്പുണ്ട്. അച്ഛനും അമ്മയും ചെറിയ പ്രായത്തിലാണ് കല്യാണം കഴിച്ചത്. അമ്മയ്ക്ക് 22 വയസിനുള്ളിൽ ഞങ്ങൾ മൂന്ന് കുട്ടികളും ജനിച്ചു. അമ്മയുടെ അച്ഛന് ക്യാൻസറായിരുന്നു. ഞങ്ങൾ താമസിക്കുന്നത് ഹരിപ്പാടാണ്.
അമ്മയുടെ അച്ഛൻ മരിക്കാറായാപ്പോൾ അവർ താമസിക്കുന്ന കായംകുളത്തേക്ക് ഞങ്ങൾ പോകുകയാണ്. കായംകുളത്തേക്ക് ബസ് കാത്ത് നിൽക്കുകയാണ്. അച്ഛനപ്പോൾ അമ്മയുടെ കയ്യിൽ നിന്ന് എന്നെ വാങ്ങിച്ചു. എന്നോടും അമ്മയോടും അച്ഛൻ ചെയ്ത ഏറ്റവും വലിയ ക്രൂരതയാണത്. സിഗരറ്റ് വാങ്ങിച്ച് വരട്ടെ എന്നാണ് അച്ഛൻ പറഞ്ഞത്. എന്നാൽ അച്ഛൻ വന്നില്ല. അമ്മ കരഞ്ഞ് ബഹളം വെച്ചു. അമ്മ തന്റെ സ്വന്തം വീട്ടിലേക്ക് പോയതാണെന്നും ലക്ഷ്മി പ്രിയ ഓർത്തു. താൻ കൗമാര കാലത്ത് അമ്മയെ ആദ്യമായി കാണാൻ പോയതിനെക്കുറിച്ചും ലക്ഷ്മി പ്രിയ സംസാരിച്ചു.
അമ്മയുടെ അമ്മാവന്റെ മകനാണ് അമ്മയുടെ വീട്ടിൽ എന്നെ കൊണ്ട് പോയത്. ചേച്ചിയുടെ കയ്യിൽ പത്ത് ദിവസം പ്രായമായ കുഞ്ഞ് വാവയുണ്ട്. ഓരോരുത്തരെയായി ഇദ്ദേഹമാണ് പേരെടുത്ത് വിളിക്കുന്നത്. ഉമ്മച്ചി എവിടെ എന്ന് ചേച്ചിമാരോട് അദ്ദേഹം ചോദിച്ചു. അവർ വന്നു. ഈ ആളെ മനസിലായോ എന്ന് ചോദിച്ചു. സിനിമയിൽ കണ്ട അമ്മമാരെ മാത്രമേ നമുക്കറിയൂ. സൂര്യപുത്രി സിനിമയൊക്കെയാണ് എന്റെ മനസിൽ. ഓടി വരുന്നു, കെട്ടിപ്പിടിക്കുന്നു, ഉമ്മ വെക്കുന്നു എന്നെല്ലാം. അമ്മ വന്ന് ആരാ ഇത് എന്ന രീതിയിൽ എന്നെ നോക്കി. ഇത്ത, ഇത് പൂവാണ് എന്ന് മാമൻ പറഞ്ഞു. അപ്പോൾ അമ്മ എന്നോ നോക്കി, ഓഹ് എന്ന് മാത്രം പറഞ്ഞു.
ഒരു പക്ഷെ അമ്മയുടെ ഉള്ളിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരിക്കും. എനിക്കറിയില്ല. ആ കടൽ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. പിന്നെ രണ്ട് മൂന്ന് ദിവസമാെക്കെ ഞാൻ അമ്മയുടെ കൂടെ നിന്നു. കുറച്ച് കൂടെ സ്നേഹത്തോടെ അമ്മ എന്നോട് ഇടപെട്ടിരുന്നെങ്കിൽ, എനിക്ക് വാരിത്തന്നിരുന്നെങ്കിൽ എന്നൊക്കെ ഞാനാഗ്രഹിച്ചിട്ടുണ്ട്. ഷെയറിന് വേണ്ടി എന്നെ പറഞ്ഞ് വിട്ടതാണെന്നാണ് ഇവർ വിചാരിക്കുന്നത്. അതുകൊണ്ട് എനിക്കവിടെ ആക്സ്പറ്റൻസ് കുറവാണ്. എന്നാലും അമ്മയെ മിസ് ചെയ്യുമ്പോൾ രണ്ട് വർഷത്തോളം ഞാനവിടെ പോകാറുണ്ടായിരുന്നു.
എന്റെ ചേച്ചിക്ക് യൂട്രസ് സംബന്ധമായ പ്രശ്നം കൊണ്ട് ഡോക്ടറുടെയടുത്ത് അഞ്ച് മണിക്ക് പോകണം. അലാറം വെച്ചിട്ടും അമ്മയ്ക്ക് പേടി. അമ്മ ഉറങ്ങാതെ കാത്ത് കിടന്ന് രാവിലെ ചേച്ചിയുമായി ആശുപത്രിയിൽ പോയി. കുറേനാളുകൾക്ക് ശേഷം അപെൻഡിക്സിന്റെ സർജറി വന്നപ്പോൾ ഞാൻ ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ വാർഡിൽ ഒറ്റയ്ക്ക് കിടന്നിട്ടുണ്ട്. ഞാൻ സ്ത്രീകളുടെ വാർഡിലായതിനാൽ ചിറ്റപ്പന് അടുത്തിരിക്കാൻ പറ്റില്ല. എന്നെ നോക്കാൻ സ്ത്രീകൾ ആരുമില്ല. ആ സമയത്ത് ഡോക്ടേർസ് സഹിതം അമ്മയെ ഫോൺ വിളിച്ചു. അമ്മ വന്നില്ല. അങ്ങനെ മുറിവുകൾ ഒരുപാടുണ്ടെന്ന് ലക്ഷ്മി പ്രിയ പറയുന്നു.
lakshmipriya opens up about her memories of mother says they dont have contact now