( moviemax.in) കേരളത്തിൽ യുട്യൂബർമാരും ഫാമിലി വ്ലോഗർമാരും പെരുകും മുമ്പ് വ്യത്യസ്തമായ ചലഞ്ചുകളിലൂടെയും രസകരമായ അവതരണശൈലിയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ യുട്യൂബറാണ് കാർത്തിക് സൂര്യ. വ്ലോഗർ എന്നതിലുപരി ഇന്ന് ഒരു ചിരി ഇരു ചിരി ബംബർ ചിരി അടക്കമുള്ള സക്സസ്ഫുൾ ഷോകളുടെ അവതാരകനുമാണ് കാർത്തിക്. മുപ്പത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് കാർത്തിക്കിന്റേത്.
ലക്ഷങ്ങളാണ് ഒരോ മാസവും യുട്യൂബ് ചാനൽ വഴി സമ്പാദിക്കുന്നത്. വ്ലോഗുകൾ മാത്രമല്ല പോഡ്കാസ്റ്റുകളും കാർത്തിക്ക് സൂര്യ ചെയ്യാറുണ്ട്. ടൊവിനോ തോമസ്, അഖിൽ മാരാർ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ, അനശ്വര രാജൻ തുടങ്ങിയവരെല്ലാം കാർത്തിക്കിന്റെ പോഡ്കാസ്റ്റിൽ അതിഥികളായി പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ യുവനടൻ സാഗർ സൂര്യയായിരുന്നു സിനിമാ വിശേഷങ്ങൾ പങ്കുവെക്കാൻ കാർത്തിക്കിന്റെ പോഡ്കാസ്റ്റിൽ എത്തിയത്.
സംസാരത്തിനിടെ നടൻ മമ്മൂട്ടിയെ കുറിച്ച് സാഗർ സൂര്യ വാചാലനായി. മമ്മൂക്കയുമായി നേരിട്ട് കണ്ട് സംസാരിക്കാനും ഇടപഴകാനും ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ജോജു ചേട്ടനൊപ്പം പണി സിനിമ ചെയ്തതുകൊണ്ട് അദ്ദേഹം ആ സിനിമ മമ്മൂക്കയ്ക്ക് കാണിച്ച് കൊടുത്തിട്ടുണ്ട്. ജോജു ചേട്ടൻ സ്വന്തം പടം എല്ലാവരേയും കാണിച്ച് അഭിപ്രായം ചോദിക്കും. എല്ലാ ഇന്റസ്ട്രിയിൽ ഉള്ളവരേയും കാണിക്കും എന്നാണ് സാഗർ സൂര്യ പറഞ്ഞത്. ഈ സംഭാഷണം നടക്കുന്നതിനിടയിലാണ് മമ്മൂട്ടിയെ താൻ ആദ്യമായി കണ്ടപ്പോഴുണ്ടായ രസകരമായ സംഭവം കാർത്തിക്ക് സാഗർ സൂര്യയോട് പങ്കുവെച്ചത്. താനാണ് തൊപ്പിയെന്ന് മമ്മൂക്ക തെറ്റിദ്ധരിച്ചുവെന്ന് കാർത്തിക്ക് പറയുന്നു.
ഞാൻ മമ്മൂക്കയെ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയുടെ സമയത്താണ്. മഴവിൽ മനോരമയായിരുന്നു അമ്മ ഷോ ഹോസ്റ്റ് ചെയ്തിരുന്നത്. ഞാനായിരുന്നു ആർട്ടിസ്റ്റുകളുടെ ഇന്റർവ്യു എടുത്തത്. പരിപാടി തുടങ്ങുന്ന ദിവസം മമ്മൂക്കയാണ് ചീഫ് ഗസ്റ്റായി വന്നത്. ഒരു തൊപ്പിയൊക്കെ വെച്ച് ഞാൻ മഞ്ജു ചേച്ചിയുടെ (മഞ്ജു പിള്ള) അടുത്ത് നിൽക്കുകയായിരുന്നു. ഞങ്ങളെ രണ്ടുപേരെയും നോക്കിയ മമ്മൂക്ക മഞ്ജു ചേച്ചിയെ അടുത്തേക്ക് വിളിച്ചു.
ഞാൻ മമ്മൂക്കയേയും നോക്കി ദൂരെ മാറി നിൽക്കുകയാണ്. മഞ്ജു ചേച്ചിയോട് മമ്മൂക്ക ചോദിച്ചു... മഞ്ജുവിന്റെ കൂടെ തൊപ്പിയൊക്കെ വെച്ച് ഒരു പയ്യൻ അവിടെ നിൽക്കുന്നത് കണ്ടല്ലോ... അയാളാണോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായികൊണ്ടിരിക്കുന്ന തൊപ്പി എന്ന് ചോദിച്ചു. ഇക്കാര്യം മഞ്ജു ചേച്ചി വന്ന് പറഞ്ഞപ്പോൾ മമ്മൂക്ക എത്രത്തോളം അപ്ഡേറ്റഡാണെന്നാണ് ഞാൻ ആലോചിച്ചത്.
അന്ന് തൊപ്പി പോലീസ് കേസും മറ്റുമായി സീനായി നിൽക്കുന്ന സമയവുമായിരുന്നു. അവൻ തൊപ്പി വെച്ചിട്ടുണ്ടെന്നേയുള്ളു. പക്ഷെ അവനല്ല തൊപ്പിയെന്ന് മമ്മൂക്കയ്ക്ക് മഞ്ജു ചേച്ചി പറഞ്ഞ് കൊടുത്തു എന്നാണ് കാർത്തിക് സൂര്യ പറഞ്ഞത്. ഈ അഭിമുഖം വൈറലായതോടെ തൊപ്പി ഫാൻസിന്റെ വരവായിരുന്നു കാർത്തികിന്റെ കമന്റ് ബോക്സിലേക്ക്. നിരവധി രസകരമായ കമന്റുകൾ തൊപ്പി ഫാൻസും തൊപ്പി വിരോധികളും കാർത്തിക്കിന്റെ കമന്റ് ബോക്സിൽ കുറിച്ചു.
തൊപ്പിയേയും കാർത്തിക്കിനേയും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ മമ്മൂക്ക അപ്ഡേറ്റഡാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നായിരുന്നു ചിലർ കുറിച്ചത്. മമ്മൂക്ക വരെ തൊപ്പിയെന്ന പേര് നോട്ട് ചെയ്തുവെങ്കിൽ തൊപ്പിയുടെ റേഞ്ച് നോക്കൂ... ഇത് തൊപ്പി ഫാൻസിന്റെ വിജയം എന്നായിരുന്നു തൊപ്പി ആരാധകരുടെ കമന്റുകൾ. കണ്ണൂർ സ്വദേശിയാണ് സോഷ്യൽമീഡിയ വൈറൽ താരമായ നിഹാദെന്ന തൊപ്പി. ലൈവ് സ്ട്രീമിങ് ഗെയ്മിങ്ങ് എന്നിവയിലൂടെയാണ് തൊപ്പി ആരാധകരെ നേടിയത്. കുട്ടികളാണ് തൊപ്പിയുടെ ഫാൻസിൽ ഏറെയും.
karthiksurya shares the interesting experience of meeting actor mammootty for the first time