( moviemax.in) മലയാള സിനിമാ ലോകത്തിനും കലാമേഖലയ്ക്കും വലിയൊരു നെമ്പരം സമ്മാനിച്ചായിരുന്നു പ്രിയ കലാകാരൻ കലാഭവൻ നവാസിന്റെ വിയോഗം. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് നവാസിന്റെ ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ ഓർമകളിൽ ഉറ്റവരും ഉടയവരും മുന്നോട്ടു പോകുന്നതിനിടെ നവാസും ഭാര്യയും നടിയുമായ രഹ്നയും അഭിനയിച്ച ഇഴ എന്ന സിനിമയെ കുറിച്ചുള്ളൊരു പോസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഇരുവരുടെയും മക്കളാണ് നവാസിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
"പ്രിയരേ,വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും "ഇഴ" സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു..വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു. പോസ്റ്റ് ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്. എല്ലാരും സിനിമ കാണണം ", എന്നായിരുന്നു പോസ്റ്റിലെ വാചകം.
അതേസമയം, മികച്ച പ്രതികരണമാണ് ഇഴയ്ക്ക് പ്രേക്ഷകർ നൽകി കൊണ്ടിരിക്കുന്നത്. ഇതിനകം 2.2 മില്യൺ കാഴ്ചക്കാരെ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. നവാഗതനായ സിറാജ് റെസയാണ് ഇഴയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി മലയാള സിനിമയിലേക്ക് തിരിച്ചുവന്ന ചിത്രം കൂടിയായിരുന്നു ഇത്.
ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ, ക്യാമറ ഷമീർ ജിബ്രാൻ, എഡിറ്റിംഗ് ബിൻഷാദ്, ബി ജി എം ശ്യാം ലാൽ, അസോസിയേറ്റ് ക്യാമറ എസ് ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബബീർ പോക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ ആർ ക്രിയേഷൻസ്, കോ പ്രൊഡ്യൂസേഴ്സ് ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്.
ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്. പ്രൊഡക്ഷൻ കൺട്രോളർ ഫായിസ് മുബീൻ, സൗണ്ട് മിക്സിംഗ് ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ വൈശാഖ് സോഭൻ, മേക്കപ്പ് നിമ്മി സുനിൽ, കാസ്റ്റിങ് ഡയറക്ടർ അസിം കോട്ടൂർ, സ്റ്റിൽസ് സുമേഷ്, ആർട്ട് ജസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈൻ രഹനാസ് ഡിസൈൻ, ടൈറ്റിൽ ഡിസൈൻ മുഹമ്മദ് സല.
late actor kalabhavannavas izha movie release on youtube