( moviemax.in) മലയാള സിനിമയുടെ മെഗാസ്റ്റാറായ മമ്മൂട്ടി, വ്യക്തിജീവിതത്തിലേക്ക് കടന്നാൽ ഒരു കമ്പ്ലീറ്റ് ഫാമിലി മാൻ ആണ്. സിനിമ ഷൂട്ടിങ് കഴിഞ്ഞാൽ ഉടനെ വീട്ടിലേക്ക് മടങ്ങുന്ന, എല്ലാവരോടും കുറച്ചു കാർക്കശ്യത്തോടെ പെരുമാറുന്ന, അനാവശ്യ സൗഹൃദങ്ങൾ സൂക്ഷിക്കാത്ത വ്യക്തി എന്നാണ് ലെജൻഡറി താരത്തെ പറ്റി കൂടെ അഭിനയിച്ചവർ പറഞ്ഞു കേട്ടിട്ടുള്ളത്. പണ്ട് കടുത്ത ജാഡക്കാരനാണ് എന്ന ഒരു ആരോപണം മമ്മൂട്ടിയ്ക്ക് നേരെ ഉയർന്നിരുന്നുവെങ്കിലും, പിന്നീട്, ജീവിതത്തിൽ അഭിനയിക്കാൻ തയ്യാറാകാത്ത പച്ച മനുഷ്യനാണ് അദ്ദേഹം എന്നാണ്.
എന്നാൽ മമ്മൂട്ടിയുടെ ഈ സ്ട്രിക്ട് രീതികളും, പ്രത്യേകിച്ച് സ്ത്രീകളോട് അദ്ദേഹം സൂക്ഷിക്കുന്നതായി പറയപ്പെടുന്ന അകലവും, പലപ്പോഴും തമാശ രൂപത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയാറുള്ളത്. മുൻപൊരിക്കൽ, വിദേശത്ത് വച്ച് കൈരളി ടി.വി. സംഘടിപ്പിച്ച ഒരു സ്റ്റാർ ഷോയിൽ വച്ച്, പ്രശസ്ത നടനും രാഷ്ട്രീയ നേതാവുമായ മുകേഷ് ഈ വിഷയം പറഞ്ഞ് മെഗാസ്റ്റാറിനെ ഏറെ കളിയാക്കിയിരുന്നു. അന്ന്, മമ്മൂട്ടി തന്റെ സുഹൃത്തിന് നൽകിയ മറുപടി, ആദ്ദേഹത്തിന്റെ ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു.
"എനിക്കും, മോഹൻലാലിനും, ഞങ്ങളുടെ ആ ഒരു സംഘത്തിന് ഇത് താങ്കളുടെ ഒരു മൈനസ് പോയിന്റ് ആയിട്ട് തോന്നുന്നു - കൂടെ അഭിനയിക്കുന്ന സ്ത്രീകളോട് അധികം സംസാരമൊന്നുമില്ല. അവരുടെ കൂടെ ഒരു കാറിൽ കേറി പോവുന്നത് പോലും ഞങ്ങൾ കണ്ടിട്ടില്ല. തിരിഞ്ഞു നോക്കുമ്പോൾ അതിൽ പശ്ചാത്തപിക്കുന്നുണ്ടോ?" ഒരു കുസൃതി ചിരിയോടെ മുകേഷ് വേദിയിൽ എത്തിയ മമ്മൂട്ടിയോട് ചോദിച്ചു. എന്നാൽ, അതിന് കുറിക്ക് കൊള്ളുന്ന ഒരു മറുപടിയാണ് മെഗാസ്റ്റാർ അന്ന് നൽകിയത്.
"ഞാൻ തെറ്റ് ചെയ്തെങ്കിൽ മാത്രമല്ലേ പശ്ചാത്തപിക്കേണ്ട കാര്യമുള്ളൂ?" ഒരു ചിരിയോടെ ഭ്രമയുഗം താരം ചോദിച്ചു. "ഞാൻ എന്റെ കൂടെ അഭിനയിക്കുന്ന ആളുകളോട് മിണ്ടില്ല, പെണ്ണുങ്ങളെ കണ്ട് കഴിഞ്ഞാൽ എനിക്ക് വിറയൽ വരും, എന്നൊക്കെ പറയുന്നത് വെറുതെയാണ്. പക്ഷെ, അങ്ങനെ ഇവരൊക്ക സംസാരിക്കുന്നത് പോലെ ഒരുപാട് അനാവശ്യ കാര്യങ്ങൾ ഞാൻ സംസാരിക്കാറില്ല. അവർക്ക് കൂടി താത്പര്യമുള്ളതും, അവർക്ക് മാന്യമായി തോന്നുന്നതുമായ എന്തെങ്കിലും വിഷയങ്ങൾ എനിക്ക് അവരോട് സംസാരിക്കാനുണ്ടെങ്കിൽ ഞാൻ സംസാരിക്കും," മമ്മൂട്ടി വിശദീകരിച്ചു.
അത് മാത്രമല്ല, മോഹൻലാലും, മുകേഷും ഒക്കെ ഒന്നിച്ചെത്തുന്ന അവസരങ്ങളിൽ താൻ അവിടെയുള്ള സ്ത്രീകളോട് മിണ്ടാതെ ഇരിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ടെന്ന് മെഗാസ്റ്റാർ വെളിപ്പെടുത്തി. "പിന്നെ, ഇവരൊക്കെ കൂടെ ഉള്ള സമയത്ത് നമുക്ക് സംസാരിക്കാൻ അവസരം കിട്ടാറില്ല. അങ്ങനെയും ഒരു കാരണം ഉണ്ട്. മുകേഷ് ഇപ്പോൾ, ഈ ഒരു ചോദ്യം ചോദിയ്ക്കാൻ തന്നെ ഒന്നര മണിക്കൂർ എടുത്തു. പക്ഷെ യെസ് ഓർ നോ ഉത്തരമേ എന്റെ കൈയിൽ ഉള്ളൂ. അത്രയും നീളമുള്ള ഒരു ഉത്തരം പറയാൻ പോലും എന്നെക്കൊണ്ട് പറ്റില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
"അപ്പോൾ, ചില ആളുകൾക്ക് ഒരുപാട് സംസാരിക്കാൻ പറ്റും. ഒരുപാട് വാചാലരാകാൻ പറ്റും. മുകേഷ് ഇപ്പോൾ സംസാരിച്ചപ്പോൾ തന്നെ, ചോദ്യം ഇതാണ് - പെണ്ണുങ്ങളോട് ഞാൻ സംസാരിക്കാതെന്താ എന്ന്. അതിന് തന്നെ എത്ര മാത്രം കഥ പറഞ്ഞു. ഇത് പോലെ ആയിരിക്കും സ്ത്രീകളോടും സംസാരിക്കുന്നത്. അവർക്ക് എന്തൊക്കെയാണ് അവരുടെ മനസ്സിൽ തോന്നുന്നതെന്ന് ആർക്കറിയാം?" മെഗാസ്റ്റാർ ഒരു ചിരിയോടെ പറഞ്ഞു നിർത്തി.
when mammootty gave a befitting reply to mukesh who said the megastar cant talk to women