( moviemax.in) മലയാള സിനിമയിലെ താര സൗഹൃദങ്ങൾ എന്നും വാർത്തകളിൽ നിറയാറുണ്ട്. അതിൽ പ്രധാനമാണ്, ആക്ഷൻ സൂപ്പർസ്റ്റാറും, ഇപ്പോൾ കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും, നടൻ ദിലീപും തമ്മിലുള്ള സൗഹൃദം. തന്റെ കരിയർ അതിന്റെ ഏറ്റവും മോശം അവസ്ഥയിലായ സമയത്ത്, തന്നെ നായകനാക്കി സിനിമ നിർമ്മിക്കാം എന്ന് വരെ പറഞ്ഞ് കൂടെ നിന്ന വ്യക്തിയാണ് ദിലീപ് എന്ന് കമ്മീഷണർ താരം പല വട്ടം പറഞ്ഞിട്ടുണ്ട്. മീശ മാധവൻ താരം സഹസംവിധായകനായിരുന്നപ്പോൾ തുടങ്ങിയ സൗഹൃദമാണ് അദ്ദേഹവും സുരേഷ് ഗോപിയും തമ്മിൽ.
വർഷങ്ങൾ പിന്നിട്ടപ്പോൾ, ഈ സൗഹൃദം ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ കൂടിയായി. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ കല്യാണ സമയത്ത്, എല്ലാത്തിനും മുന്നിൽ തന്നെ ദിലീപും കുടുംബവും ഉണ്ടായിരുന്നു. എന്നാൽ, പ്രശസ്ത താരവുമായിട്ടുള്ള ഈ സൗഹൃദം തനിക്ക് ചിലപ്പോൾ ഉപദ്രവമായിട്ടുണ്ടെന്നും, ദിലീപ് സ്നേഹം കൊണ്ട് പലപ്പോഴും പാര വച്ചിട്ടുണ്ടെന്നും, ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂപ്പർതാരം തുറന്നു പറഞ്ഞിരുന്നു. ദിലീപ് സ്നേഹത്തോടെ ശകാരിക്കാറുണ്ടെന്ന് കേട്ടത് ശെരിയാണോ എന്ന് ചോദിച്ചപ്പോൾ, സുരേഷ് ഗോപി രസകരമായൊരു സംഭവം ഓർത്തെടുത്തു.
"ആ സ്നേഹത്തോടെയുള്ള ശകാരം എന്താണെന്ന് അറിയണമെങ്കിൽ... അവൻ എന്നെ പാര വച്ചത് പറയേണ്ടി വരും. അവൻ എനിക്കിട്ട് പാര വച്ചത് എന്റെ ഫുഡ് പ്ലേറ്റിലാണ്. "നിങ്ങളുടെ ആ വയർ കണ്ടിട്ട്... ഞാൻ പറഞ്ഞേക്കാം സുരേഷേട്ടാ... ആ തൈര് എന്ന് പറയുന്ന സാധനം ഉണ്ടല്ലോ... മേലാൽ കുടിക്കരുത്," എന്ന് പറഞ്ഞു ഒരിക്കൽ. പിന്നെ രാധികയെ വിളിച്ച്, "ചേച്ചി... ഇനി സുരേഷേട്ടന് തൈര് കൊടുക്കരുത്, അതാണീ വയർ ഇങ്ങനെ," എന്നും പറഞ്ഞു. അതാണ് അവന്റെ സ്നേഹത്തോടെയുള്ള ശകാരം," സുരേഷ് ഗോപി വെളിപ്പെടുത്തി.
പിന്നീട് ഇതേ ചാനലിന്റെ അഭിമുഖത്തിന് എത്തിയ ദിലീപിനെ സുരേഷ് ഗോപിയുടെ ഈ അഭിമുഖം കാണിച്ചപ്പോൾ, സൂപ്പർതാരത്തിന്റെ ഭക്ഷണ കാര്യത്തിൽ കേറി ഇടപെടാൻ ഉണ്ടായ കാരണം നടൻ വെളിപ്പെടുത്തി. "നമ്മൾ കണ്ടത്തിൽ വച്ച് ഏറ്റവും സുന്ദരനായ ഒരു ആക്ടറാണ് സുരേഷ് ഗോപി. ആ സമയത്ത് നല്ല പൊക്കവും, ആകാരവുംഒക്കെയാണ്, ഞാൻ ആ കാലത്ത് കാണുന്ന സുരേഷേട്ടൻ, സിനിമയിലും അല്ലാതെയും. പക്ഷെ ഇതെന്താണെന്ന് വച്ചാൽ, പുള്ളി ആ സമയത്ത് കുറച്ചു കൂടി തടിയൊക്കെ വച്ച്... എന്താണെന്നറിയില്ല," ദിലീപ് വെളിപ്പെടുത്തി.
"ഉച്ചയ്ക്ക് ഞാൻ നോക്കുമ്പോൾ, തൈരും, കൂടെ വേറെ എന്തൊക്കെയോ ഇട്ട് കുപ്പിയിൽ കലക്കി കുടിച്ച് ഇങ്ങനെ ഇരിക്കുകയാണ് സുരേഷേട്ടൻ. അപ്പോൾ ഞാൻ ഇങ്ങനെ ഇടയ്ക്ക് പറയാൻ തുടങ്ങി, "തൈര് ഇങ്ങനെ അധികം കഴിക്കരുത് കേട്ടോ," എന്ന്. നമുക്ക് ആ ഒരു, സ്വന്തം ഏട്ടനോടുള്ള ഫീലിങ്ങാണ്. സുരേഷേട്ടനോട് ആ ഒരു സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് പറഞ്ഞതാണ്. എനിക്ക് എന്തും തുറന്നു പറയാൻ പറ്റുന്ന ഒരാളാണ് അദ്ദേഹം," സി ഐ ഡി മൂസ താരം കൂട്ടിച്ചേർത്തു. എന്തായാലും, ദിലീപിന്റെ ഈ നിർദ്ദേശം സുരേഷ് ഗോപിയുടെ ഭാര്യ രാധിക കാര്യമാക്കി എടുത്തതോടെ, അദ്ദേഹത്തിന് ഭക്ഷണത്തിൽ നിന്ന് തൈര് ഒഴിവാക്കേണ്ടി വന്നു എന്നാണ് വിവരം.
sureshgopi revealed how dileep influenced his wife radhika this is how the actor reacted