( moviemax.in) കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ 1-ചന്ദ്ര തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ചാത്തൻ, ഒടിയൻ എന്നീ കഥാപാത്രങ്ങൾക്ക് തുറന്ന കത്തുമായി എത്തിയിരിക്കുകയാണ് ലോകയിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ചന്തു സലിംകുമാർ. ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ് യഥാക്രമം ചാത്തനേയും ഒടിയനേയും അവതരിപ്പിച്ചത്.
നസ്ലിൻ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ വേണുക്കുട്ടൻ ആയാണ് ചിത്രത്തിൽ ചന്തു എത്തിയത്. ചാത്തേട്ടൻ എന്നാണ് ചന്തു തന്റെ സോഷ്യൽ മീഡിയാ കുറിപ്പിൽ ടൊവിനോയെ വിശേഷിപ്പിച്ചിരിക്കുന്നത്. താൻ ചാത്തേട്ടന്റെ ആരാധകനായിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രയോട് തന്നോട് കുറച്ചുകൂടി മര്യാദയ്ക്ക് പെരുമാറാൻ പറയണം. അവൾ എപ്പോഴും തന്നോട് അത്ര നന്നായിട്ടല്ല പെരുമാറുന്നതെന്നും ചന്തു പറഞ്ഞു. വേണുകുട്ടാ, എല്ലാം ചാത്തേട്ടൻ റെഡിയാക്കി തരാം’ എന്നാണ് ഇതിന് ടൊവിനോ മറുപടി പറഞ്ഞത്.
ചന്തുവിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് ഇങ്ങനെ:
പ്രിയപ്പെട്ട ചാത്തേട്ടാ, കുട്ടികളെ നോക്കുന്ന ചാത്തേട്ടന്റെ ജോലി നന്നായിപ്പോകുന്നു എന്ന് കരുതുന്നു. ചാത്തേട്ടനെ കാണാനും ഒന്നിച്ച് സമയം ചെലവഴിക്കാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. സത്യം പറഞ്ഞാൽ, ഞാൻ ഇപ്പോൾ ചാത്തേട്ടന്റെ ഒരു ആരാധകനായിക്കഴിഞ്ഞു. കഴിഞ്ഞ ജന്മത്തിലും ഞാൻ അങ്ങനെയായിരുന്നിരിക്കണം! നമ്മൾ തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്.
ചാത്തേട്ടൻ എന്റെ കയ്യിൽ തന്നത് ഒരു സാധാരണ വസ്തുവല്ല. ആ താക്കോലുകൾ എന്റെ കയ്യിൽ സുരക്ഷിതമാണ്. അവയെന്നും സുരക്ഷിതമായിരിക്കും. ഞാൻ മറ്റെന്തിനേക്കാളും അതിനെ നിധിപോലെ കരുതുന്നു. വേണ്ടിവന്നാൽ, അത് സംരക്ഷിക്കാൻ ഞാൻ എന്റെ ജീവൻ പോലും നൽകും. അത്രയേറെ വിലപ്പെട്ടതാണ് എനിക്ക് അവയും, ചാത്തേട്ടനും.
ചാത്തേട്ടാ, ഞാൻ ചാത്തേട്ടന്റെ സുഹൃത്ത് ഒടിയൻ ചേട്ടനും കത്തെഴുതാറുണ്ട്. അദ്ദേഹം ചാത്തേട്ടന്റെ അത്ര രസികനല്ല, പക്ഷേ, ആളൊരു സംഭവമാണ്. അത് സമ്മതിച്ചേ പറ്റൂ. ദയവായി ഉടനേ ഇങ്ങോട്ട് വരണം. പഴയ കൂട്ടുകാരെപ്പോലെ നമുക്ക് അടിച്ചുപൊളിക്കാം. പിന്നെ, വേറൊരു കാര്യംകൂടി. പറ്റുമെങ്കിൽ ചാത്തേട്ടന്റെ കൂട്ടുകാരി ചന്ദ്രയോട് എന്നോട് കുറച്ചുകൂടി മര്യാദയ്ക്ക് പെരുമാറാൻ പറയണം. അവൾ എപ്പോഴും എന്നോട് അത്ര നന്നായിട്ടല്ല പെരുമാറുന്നത്. ഞങ്ങൾ തമ്മിൽ ഒരു വഴക്കുണ്ടായി. പക്ഷേ പേടിക്കേണ്ട. എനിക്കൊരു കുഴപ്പവുമില്ല, ഇപ്പോൾ എല്ലാം ശരിയായി. നമ്മൾ വീണ്ടും കാണുന്ന ആ ദിവസത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കും. അതുവരെ, ഇപ്പോഴുള്ളതുപോലെ ഒരു ഇതിഹാസമായി തുടരുക.
loka chapter 1 chandu salimkumar letter tovinodulquer