( moviemax.in) സിനിമയിൽ, പ്രത്യേകിച്ച് നായികമാർ തമ്മിൽ, സ്ഥിരമായ സൗഹൃദങ്ങൾ ഉണ്ടാവാറില്ലെന്നാണ് വിശ്വാസം. എന്നാൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് മലയാള സിനിമയിലെ സൗഹൃദങ്ങൾ. ഇൻഡസ്ട്രിയിൽ ഏറ്റവും പോപ്പുലർ ആയ സുഹൃത്ത് വലയങ്ങളിൽ പ്രധാനമാണ് ഭാവനയും, മഞ്ജു വാര്യരും, സംയുക്ത വർമ്മയും, ഗീതു മോഹൻദാസും ഒക്കെ ഉൾപ്പെടുന്ന ഗ്യാങ്. മുൻപ് പല അഭിമുഖങ്ങളിൽ, ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിൽ നിന്നപ്പോൾ തുണയായി നിന്ന സുഹൃത്തുക്കളെ കുറിച്ച് ഭാവന തുറന്നു പറഞ്ഞിരുന്നു.
കുറച്ചു കാലം മുൻപ് മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ഹണി ബീ താരം തനിക്ക് സംയുക്ത വർമ്മയോടും, മഞ്ജു വാര്യരോടും ഉള്ള അടുത്ത ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നു. അപ്പോഴാണ്, സംയുക്തയെ വളരെ ചെറുപ്പം മുതൽക്ക് തന്നെ അറിയാമെന്നും, മഞ്ജുവിനെ പരിചയപ്പെട്ടത് പിന്നീടാണെന്നും ഭാവന വെളിപ്പെടുത്തിയത്. സുഹൃത്തുക്കൾ എന്നതിൽ ഉപരി, രണ്ടു പേരും തനിക്ക് സ്വന്തം ചേച്ചിമാരാണെന്നും നടി പറഞ്ഞു.
"സംയുക്ത ചേച്ചിയുമായിട്ടാണ് എനിക്ക് ആദ്യം കണക്ഷൻ ഉണ്ടായത്. കാരണം, സംയുക്ത ചേച്ചിയുടെ അനിയത്തിയും ഞാനും ഒരേ ട്യൂഷൻ ക്ലാസ്സിലായിരുന്നു - സംഘമിത്ര. പക്ഷെ ആ സമയത്ത് ഇത്രയും കൂട്ടല്ല. അപ്പോൾ ഞാൻ ട്യൂഷൻ ക്ലാസ്സിൽ നിന്ന് പരിചയമുണ്ട്. പക്ഷെ കാണുമ്പോൾ 'ആഹ്... ഹലോ.." എന്ന് പറയുന്ന പരിചയം മാത്രം. അങ്ങനെ ഭയങ്കര കൂട്ടൊന്നും ആയിരുന്നില്ല. പക്ഷെ പിന്നെ പിന്നെ അത് എപ്പോഴൊക്കെയോ ഒരു ചേച്ചിയുടേത് പോലത്തെ ഒരു ഇഷ്ടത്തിലേക്ക് പോയി. ഇപ്പോൾ സംയുക്ത ചേച്ചിക്ക് ഞാൻ അങ്ങനെയാണ്. "എനിക്ക് നീയും മാളുവും (സംയുക്തയുടെ അനിയത്തി സംഘമിത്ര) ഒരു പോലെയാണ്," എന്നൊക്കെ ഇങ്ങനെ പറയും," ഭാവന വെളിപ്പെടുത്തി.
"ഇപ്പോൾ അവിടെ വീട്ടിൽ ആന്റി (സംയുക്തയുടെ അമ്മ) ആയിട്ടും, ബിജുവേട്ടനുമായിട്ടും ഒക്കെ അങ്ങനത്തെ ഒരു ഫീൽ ഉണ്ട്. പിന്നീട് ഗീതു ചേച്ചിയുടെ (ഗീതു മോഹൻദാസ്) കൂടെ ഞാൻ സിബി മലയിൽ സാറിന്റെ ഒരു പടം ചെയ്തു - ഇലകൾ പച്ച പൂക്കൾ മഞ്ഞ. അങ്ങനെ ഗീതു ചേച്ചിയുമായി പരിചയമായി, പിന്നെ പരിപാടികൾക്കൊക്കെ കണ്ടു കണ്ട് അങ്ങനെ സൗഹൃദമായി. മഞ്ജു ചേച്ചിയും (മഞ്ജു വാര്യർ) അങ്ങനെ തന്നെ. ഒരുപാട് പരിപാടികളിലൊക്കെ വച്ച് കണ്ടു അങ്ങനെ അങ്ങനെ വന്ന ബന്ധമാണ്. പിന്നെ അത് ഒരു സഹോദരിമാർ തമ്മിലുള്ള ബന്ധം പോലെയായി," ഭാവന വെളിപ്പെടുത്തി.
ഭാവന തന്റെ വ്യക്തി ജീവിതത്തിൽ ഏറ്റവും കൂടുതൽ സമ്മർദത്തിലൂടെ കടന്നു പോയപ്പോഴെല്ലാം, ഒപ്പം താങ്ങും തണലുമായി മഞ്ജു വാര്യരും, സംയുക്ത വർമ്മയും, ഗീതു മോഹൻദാസും, ഇവരുടെയെല്ലാം കുടുംബങ്ങളും നിന്നിരുന്നു. ഇവർക്ക് പുറമെ, പ്രശസ്ത നടിമാരായ രമ്യ നമ്പീശനും, ശില്പ ബാലയും, മൃദുല മുരളിയും, ഷഫ്‌നയും, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും, ഉൾപ്പെടെ ഒരു വലിയ സുഹൃത്ത് വലയം തന്നെ സ്വപ്നകൂട് താരത്തിന് സിനിമാ രംഗത്ത് നിന്നും ഉണ്ട്. തന്റെ സുഹൃത്ത് വലയത്തെ കുറിച്ച് ഏറെ വാചാലയാകാറുള്ള ഭാവന, കുടുംബത്തോടുള്ള അത്ര തന്നെ അടുപ്പം അവരോടും തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
when bhavana revealed how manjuwarrier and samyukthavarma became her friends