(moviemax.in) മലയാള സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് നടി സുഹാസിനി. തന്നെ മലയാളത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് നടി സുകുമാരിയാണെന്നും മമ്മൂട്ടി താൻ കണ്ടതിൽ വെച്ച് ഏറ്റവും മാന്യനായ നായകനാണെന്നും സുഹാസിനി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
"സുകുമാരി ചേച്ചിയിൽ നിന്നാണ് എനിക്ക് കൂടെവിടെ എന്ന സിനിമ കിട്ടുന്നത്. അവരും ഞാനും ഒന്നിച്ച് തമിഴ് സിനിമയിൽ അഭിനയിച്ചിരുന്നു. അതിൽ സുകുമാരി ചേച്ചിയുടേത് ഭയങ്കര നെഗറ്റീവ് കഥാപാത്രമായിരുന്നു. എന്നെ തല്ലുകയൊക്കെ ചെയ്യുന്ന വളരെ വയലന്റ് ആയിട്ടുള്ള കഥാപാത്രമായിരുന്നു ആ ചിത്രത്തിൽ, പക്ഷേ റിയൽ ലൈഫിൽ എനിക്ക് ദൈവതുല്യമായ ഒരമ്മയായിരുന്നു സുകുമാരി ചേച്ചി.
'നീ എന്താണ് മലയാള സിനിമയിൽ അഭിനയിക്കാത്തതെന്ന്' ഒരു ദിവസം അവരെന്നോട് ചോദിച്ചു. എനിക്ക് മലയാളം അറിയില്ല അവിടുത്തെ സംസ്കാരം അറിയില്ല എന്നാണ് ഞാൻ പറഞ്ഞത്. നല്ലൊരു പ്രൊജക്ട് വരുമ്പോൾ എന്നോട് പറയാമെന്നാണ് അവർ പറഞ്ഞത്. അങ്ങനെ ഒരു ആറ് മാസത്തിനുള്ളിൽ നിർമാതാവ് പ്രേം പ്രകാശ് വീട്ടിൽ വന്നു. പത്മരാജനെക്കുറിച്ച് പറഞ്ഞു, മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ എന്നൊക്കെ പറഞ്ഞു. മലയാളത്തിലേക്ക് ഞാൻ ചുവടു വയ്ക്കുമ്പോൾ എനിക്കൊന്നും അറിയില്ലായിരുന്നു. ഞാൻ അഭിനയിച്ചിട്ടുള്ള ഹീറോകളിൽ ഏറ്റവും മാന്യനായ, ഏറ്റവും ജെന്റിൽ ആയിട്ടുള്ള വ്യക്തി മമ്മൂട്ടിയാണ്. എന്റെ ഏറ്റവും നല്ല സഹതാരവും മമ്മൂട്ടിയാണ്. റിയൽ ലൈഫിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുക എന്നത് ഇപ്പോഴും മമ്മൂട്ടിയുടെ ചോയ്സ് ആയിരുന്നു." സഭ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സുഹാസിനി പറഞ്ഞു.
അതേസമയം ഇന്നത്തെകാലത്തെ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ കുറിച്ചും സുഹാസിനി സംസാരിച്ചിരുന്നു. തനിക്ക് ഇരുപത് വയസിൽ ലഭിച്ച സ്വാതന്ത്ര്യം ഇപ്പോൾ ഇരുപത് വയസുള്ള പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല എന്ന് പറഞ്ഞ സുഹാസിനി, പെൺകുട്ടികൾ അഭിപ്രായം പറഞ്ഞാൽ അവരെ ട്രോൾ ചെയ്തു കൊല്ലുമെന്നും കൂട്ടിചേർത്തു. "ഇരുപത് വയസ്സിൽ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇപ്പോഴത്തെ ഇരുപത് വയസുള്ള പെൺകുട്ടികൾക്കില്ല. അഭിപ്രായം പറയാൻ അവർക്ക് സ്വാതന്ത്ര്യമില്ല. അവരെന്തേലും അഭിപ്രായം പറഞ്ഞാൽ അവരെ ട്രോൾ ചെയ്ത് കൊല്ലും. ഞങ്ങൾക്കങ്ങനെ ആയിരുന്നില്ല. രേവതി, നദിയ തുടങ്ങീ ഞങ്ങൾക്ക് അഭിപ്രായം പറയാൻ ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നു. ഇപ്പോഴതില്ല എന്ത് പറഞ്ഞാലും തെറ്റ് കണ്ടെത്താനാണ് ശ്രമിക്കുന്നത്. കാലം എന്താണ് ചെയ്തത്, കാലം ഒരു ഇല്യൂഷൻ ആണ്." സുഹാസിനി പറഞ്ഞു.
അതേസമയം പൂക്കാലം എന്ന ചിത്രത്തിലായിരുന്നു മലയാളത്തിൽ സുഹാസിനി അവസാനമായി വേഷമിട്ടത്. തമിഴിൽ 'ദി വെർഡിക്ട്' എന്ന കോർട്ട് റൂം ഡ്രാമ ചിത്രമായിരുന്നു സുഹാസിനിയുടെ അവസാന ചിത്രം. വരലക്ഷ്മി ശരത്കുമാർ ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.
'That Malayalam superstar is the most honorable person I have ever met'; Suhasini reveals