കുടുംബ കോടതികൾ സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറേ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ ബഡായ്. അവതാരകനും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനുമായുള്ള വിവാഹശേഷം ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഒരു ദിവസം മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയാൽ എന്തു മാറ്റം കൊണ്ടുവരുമെന്ന ചോദ്യത്തിന് കുടുംബ കോടതിയിൽ നിലനിൽക്കുന്ന ചില നിയമങ്ങൾ താൻ മുഖ്യമന്ത്രിയായാൽ മാറ്റും എന്നായിരുന്നു ആര്യയുടെ മറുപടി.
''സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറേ അഡ്വാന്റേജസ് കുടുംബ കോടതിയിലുണ്ട്. പ്രത്യേകിച്ച് ഒരു കുഞ്ഞ് കൂടി ഭാഗമാകുന്ന സിറ്റുവേഷനിൽ. ഈ ഒരു ആനുകൂല്യങ്ങൾ ഒരു സമയത്ത് ഉപയോഗപ്പെടുത്തിയ ആളാണ് ഞാൻ. ഒന്നും പേടിക്കാനില്ല, എന്തായാലും ഡിവോഴ്സ് കിട്ടും, കൊടുത്തതിലും കൂടുതൽ സ്വർണവും കാശും മേടിച്ച് തരാമെന്നും പറഞ്ഞ് എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു. പക്ഷേ, ഏതോ ഒരു പോയിന്റിൽ എത്തിയപ്പോൾ എനിക്ക് കുറ്റബോധം തോന്നി സ്വയം അതിൽ നിന്ന് പിന്മാറി.
ഡിവോഴ്സ് പേപ്പർ എഴുതുന്ന സമയത്ത് കേസ് സ്ട്രോങ്ങാക്കാൻ വേണ്ടി വക്കീൽ കുറച്ച് കാര്യങ്ങൾ എഴുതി ചേർക്കും. ഇങ്ങനെ തൊണ്ണൂറ് ശതമാനം കാര്യങ്ങളും വക്കീലാണ് എഴുതി ചേർക്കുന്നത്. അവർ എന്താണ് എഴുതി ചേർത്തിരിക്കുന്നതെന്ന് പലപ്പോഴും നമുക്ക് അറിയില്ല. അങ്ങനെ എനിക്കു വേണ്ടി വക്കീൽ എഴുതി ചേർത്ത കാര്യങ്ങൾ വായിച്ചപ്പോൾ എനിക്ക് തന്നെ ഞാനൊരു മനുഷ്യ സ്ത്രീയാണോയെന്ന് തോന്നിപ്പോയി. അത്രത്തോളം വൃത്തികേടായിരുന്നു.
ഏത് ഫോർമാറ്റാണോ വർക്കായത് അത് എല്ലാം ക്ലൈന്റിന്റെ കാര്യത്തിലും അവർ പ്രയോഗിക്കും. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്തവരാണെങ്കിൽ ചിലപ്പോൾ എന്താണ് എഴുതിയിരിക്കുന്നതെന്ന് ചോദിക്കുക പോലുമില്ല'', ആര്യ അഭിമുഖത്തിൽ പറഞ്ഞു.
actor aryabadai says about family court