(moviemax.in) കഴിഞ്ഞ ദിവസം ഏറെ ജനശ്രദ്ധ നേടിയ വിവാഹമായിരുന്നു നടിയും അവതാരകയുമായ ആര്യ ബാബുവിന്റേയും കൊറിയോഗ്രാഫറും ഡിജെയുമായ സിബിൻ ബെഞ്ചമിന്റെയും. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സമൂഹമാധ്യമങ്ങളിലൂ ടെ ആര്യ തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്കെത്തിയത്. 'സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മകളാണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപ്പിടിച്ച് ആനയിച്ചത്. ആര്യയുടെയും സിബിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.
ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യൻ മതാചാര പ്രകാരവും ചടങ്ങുകൾ നടന്നിരുന്നു. ആദ്യത്തെ ചടങ്ങിൽ ട്രഡീഷണൽ രീതിയിലാണ് ഇരുവരും അണിഞ്ഞൊരുങ്ങിയതെങ്കിൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി വെസ്റ്റേൺ ലുക്കിലായിരുന്നു രണ്ടാമത്തെ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. തൂവെള്ള നിറത്തിലുള്ള ഗൗൺ അണിഞ്ഞ് സിബിനോട് വിവാഹപ്രതിജ്ഞ ചൊല്ലുന്ന ആര്യയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കറുപ്പ് നിറത്തിലുള്ള സ്യൂട്ടും പാന്റുമായിരുന്നു സിബിന്റെ വേഷം. ''ഖുഷി കഴിഞ്ഞാൽ, ഈ ലോകത്ത് മറ്റെന്തിനെക്കാളും എനിക്കിഷ്ടം നിന്നെയാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു'', എന്നും ആര്യ വീഡിയോയിൽ പറയുന്നുണ്ട്.
വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന അടിക്കുറിപ്പോടെ ആര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ നിശ്ചയ ചടങ്ങിനും എത്തിയിരുന്നത്.
Arya Babu's wedding details new video out