(moviemax.in) മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ. പ്രേക്ഷക പ്രിയ ടെലിവിഷൻ ഷോ ആയ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവു തെളിയിച്ചിട്ടുണ്ട്. ഉമ്മയുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കൊതിച്ച നാളുകൾ പോലും തനിക്കുണ്ടെന്ന് തുറന്നു പറയുകയാണ് നാദിറ.
''അമ്മയുടെ ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ സങ്കടത്തോടെയുള്ള കാര്യമാണ് പറയാനുള്ളത്. പതിനെട്ട് വയസിനുശേഷം ഞാൻ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട ഒരു അവസ്ഥയുണ്ടായിരുന്നു. പതിനെട്ട് വയസ് മുതൽ ഇരുപത്തിമൂന്ന് വയസുവരെ തൊട്ടടുത്ത് ഉണ്ടായിട്ട് പോലും എന്റെ ഉമ്മയുടെ ഭക്ഷണം കഴിക്കാൻ പറ്റാതെ ജീവിക്കേണ്ടി വന്നു. അതൊരു ഗതികേട് തന്നെയാണ്. അനുഭവിച്ചവർക്ക് അതൊരു വലിയ ബുദ്ധിമുട്ടാണ്. വിദേശത്താണ് മാതാപിതാക്കൾ എങ്കിൽ അങ്ങനെ സമാധാനിക്കാം. പക്ഷെ ഇത് തൊട്ടടുത്തുണ്ട്. കോൺടാക്ട് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ. കൊതിയോടെ ഉമ്മയെ വിളിച്ച് ഞാൻ ചോദിച്ചിട്ടുണ്ട്.
ഉമ്മയ്ക്ക് അന്നും എന്നോട് ഭയങ്കര സ്നേഹമായിരുന്നു. പക്ഷെ അത് പുറത്തു കാണിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഉമ്മ കുടുംബിനിയാണ്, മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നയാളായിരുന്നു. അതുകൊണ്ട് പരിമിതികൾ ഉണ്ടായിരുന്നു. എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാൻ കഴിയുമായിരുന്നില്ല. അങ്ങനെ അഞ്ച് വർഷം കടന്നുപോയി. ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം ഞാൻ എന്റെ സ്വന്തം വീട്ടിൽ ഉമ്മയുടേയും ബാപ്പയുടേയും കൂടെയാണ് ഇപ്പോൾ. ഇപ്പോൾ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ സ്വപ്നം കണ്ടതൊക്കെ നടക്കുന്നുവെന്ന സന്തോഷമുണ്ട്. എന്നെ കുടുംബം അംഗീകരിച്ചതുപോലെ തന്നെ എന്നെപ്പോലുള്ള മറ്റുള്ളവരേയും ഞാൻ കാരണം അവരുടെ കുടുംബം അംഗീകരിച്ച് തുടങ്ങി. അത് കേൾക്കുമ്പോൾ വളരെ അധികം സന്തോഷമുണ്ട്'', നാദിറ പറഞ്ഞു.
Nadira Mehreen shares old memories