(moviemax.in) മലയാളത്തില്‍ ഒരു താരത്തിനും ഇല്ലാത്ത ബോക്സ് ഓഫീസ് നേട്ടമാണ് കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ മോഹന്‍ലാല്‍ നേടിയത്. മാര്‍ച്ച് 27 ന് എത്തിയ എമ്പുരാന്‍ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ (268 കോടി) സ്വന്തമാക്കിയപ്പോള്‍ ഏപ്രില്‍ 25 ന് എത്തിയ തുടരും 200 കോടി ക്ലബ്ബ് പിന്നിട്ട് ബോക്സ് ഓഫീസിലെ സഞ്ചാരം തുടരുകയാണ്. ഒപ്പം കേരളത്തില്‍ ഒരു സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനും സ്വന്തമാക്കിയിട്ടുണ്ട് ചിത്രം.
കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ ചിത്രമായും തുടരും മാറി. ഇപ്പോഴിതാ ഈ വിജയത്തിന്‍റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെക്കാന്‍ ഒരുങ്ങുകയാണ് തുടരും ടീം. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ സോംഗ് ആയിരുന്ന കൊണ്ടാട്ടം നാളെ മുതല്‍ തിയറ്ററുകളില്‍ കാണാനാവും. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാനുള്ള അവസരം ലഭിച്ചപ്പോള്‍ ജേക്സ് ബിജോയ് സ്വന്തം ആഗ്രഹപ്രകാരം ചെയ്ത ഗാനമാണ് കൊണ്ടാട്ടമെന്ന് തരുണ്‍ മൂര്‍ത്തി മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൈ എനര്‍ജിയും മോഹന്‍ലാലിന്‍റെയും ശോഭനയുടെയും നൃത്തവുമൊക്കെയുള്ള ഗാനം സിനിമയുടെ മൊത്തത്തിലുള്ള മൂഡിന് ചേരാത്തതെന്ന് തോന്നിയതിനാല്‍ ചിത്രത്തിനൊപ്പം ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
സിനിമയുടെ റിലീസിന് ശേഷമാണ് പ്രൊമോ സോംഗ് യുട്യൂബിലൂടെ ഇറക്കിയത്. എന്നാല്‍ ചില തിയറ്ററുകാര്‍ സിനിമയുടെ ഇന്‍റര്‍വെല്‍ സമയത്ത് ഗാനം സ്വമേധയാ സ്ക്രീനില്‍ പ്ലേ ചെയ്തിരുന്നു. ഈ ഗാനം നാളെ മുതല്‍ തിയറ്ററുകളില്‍ കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ചിത്രത്തിന് ഇനിയും റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിക്കാന്‍ ഇത് കാരണമായേക്കും.
ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. അതേസമയം ജേക്സ് ബിജോയ്‍യുടെ ഡിസ്‍കോഗ്രഫിയില്‍ സവിശേഷ സ്ഥാനമുള്ള ആല്‍ബമാണ് തുടരും. തന്‍റെ സ്ഥിരം രീതികളില്‍ നിന്ന് മാറിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിയത്. ഒപ്പം പശ്ചാത്തല സംഗീതവും ജേക്സ് തന്നെയാണ് ഒരുക്കിയത്. ഇതിനും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. രജപുത്ര രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
kondattam song played along thudarum movie tomorrow mohanlal