(moviemax.in ) ഭർത്താവ് മരിച്ചതും ഉപേക്ഷിച്ചതും വിവാഹമോചിതരുമായ സ്ത്രീകളാകും സമൂഹത്തിൽ നിന്നും ഏറ്റവും കൂടുതൽ അവഗണനയും പരിഹാസവും നേരിടുന്നവർ. സന്തോഷിക്കാനോ സ്വന്തം ആഗ്രങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നാലെ പോകാനോ ഇത്തരം സ്ത്രീകൾക്ക് അവകാശമില്ലെന്ന രീതിയിലാണ് സമൂഹവും അവരോട് പെരുമാറാറുള്ളത്.
അത്തരത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടശേഷം വലിയ രീതിയിൽ വിമർശനം ഏറ്റ് വാങ്ങുന്ന സ്ത്രീയാണ് രേണു സുധി. കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചശേഷം കുടുംബത്തിന്റെ താങ്ങും തണലും രേണുവാണ്. ഏക വരുമാനമാർഗവും രേണുവാണ്. സുധിയുടെ മരണശേഷം ജോലിയായി അഭിനയമാണ് രേണു സ്വീകരിച്ചത്.
പരസ്യം, മ്യൂസിക്ക് വീഡിയോകൾ, സിനിമ, ഫോട്ടോഷൂട്ട് എന്നിവയിലെല്ലാം രേണു സജീവമാണ്. എന്നാൽ രേണു പ്രണയ രംഗങ്ങളിൽ അഭിനയിക്കുന്നതിനോടും മോഡേൺ ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെടുന്നതിനോടും സുധിയുടെ ആരാധകർക്ക് എതിർപ്പുണ്ട്. അതുകൊണ്ട് തന്നെ രേണുവിനെ യാതൊരു ദയ ദാക്ഷണ്യവും ഇല്ലാതെയാണ് ആളുകൾ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നത്.
തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളും കമന്റുകളും കണ്ട് മനസ് മരവിച്ചുവെന്ന് പറയുകയാണിപ്പോൾ രേണു സുധി. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു. എന്നെ കുറിച്ചുള്ള ഇല്ലാ വചനങ്ങളും നെഗറ്റീവും കേട്ട് മനസ് കല്ലായി മാറി. മരവിച്ചുവെന്നതാണ് സത്യം. സുധി ചേട്ടന്റെ ഭാര്യയായതുകൊണ്ടാണ് എനിക്ക് ഇത്രത്തോളം നെഗറ്റീവ് കമന്റുകൾ വരുന്നത്. സുധി ചേട്ടൻ മരിച്ചുപോയി. വിധവയായ സ്ത്രീ വീട്ടിൽ ഇരിക്കേണ്ടവളാണ് എന്നാണ് നെഗറ്റീവ് കമന്റിടുന്നവരുടെ ധാരണ.
മാത്രമല്ല അഭിനയം ഇവർക്കെല്ലാം അഴിഞ്ഞാട്ടമാണ്. എന്നെ കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് കൂടിയാവും ഇവർ ഇങ്ങനെ പറയുന്നത്. എലിയുടെ മുഖമുള്ളവൾ എന്നൊക്കെയാണ് എന്നെ വിശേഷിപ്പിക്കാറുള്ളത്. സുധി ചേട്ടനുണ്ടായിരുന്നപ്പോഴും ഉടുപ്പും പാവാടയും ടോപ്പും എല്ലാം ഞാൻ ധരിച്ചിരുന്നു. ഒരിക്കൽ പോലും സാരി ഉടുത്തിട്ടില്ല. വസ്ത്രധാരണം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. പബ്ലിക്കായി എക്സ്പോസിങ് വസ്ത്രം ഞാൻ ഇടാറില്ല. മറ്റുള്ളതൊക്കെ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ധരിക്കുന്നതാണ്. അത് എന്റെ ജോലിയാണ്.
അതിന്റെ ഭാഗമായി എക്സ്പോസ് ചെയ്താൽ എന്താണ് കുഴപ്പം?. എനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. എനിക്ക് ഇണങ്ങുന്ന രീതിയിലാണ് എക്സ്പോസ് ചെയ്യുന്നത്. മറ്റുള്ളവർക്ക് ചിലപ്പോൾ ഓവറായി തോന്നാം. തുണി ഉടുക്കാതെ നടന്നാലും അത് എന്റെ ഇഷ്ടം. പിന്നെ സുധി ചേട്ടൻ ഉണ്ടായിരുന്ന സമയത്ത് എനിക്ക് ഫോട്ടോഷൂട്ട് വന്നിട്ടില്ല. വന്നിരുന്നുവെങ്കിൽ ഒരുപക്ഷെ ഇപ്പോൾ ധരിക്കുന്നതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചേനെ. അത് എന്റെ ഇഷ്ടമല്ല. സുധി ചേട്ടൻ ഞങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു.
അതുകൊണ്ട് തന്നെ അഭിനയിക്കാനോ ഫോട്ടോഷൂട്ടിനോ പോകേണ്ട ആവശ്യം അന്ന് എനിക്കില്ലായിരുന്നു. ഇപ്പോൾ എനിക്ക് അറിയാവുന്ന പണി അഭിനയമാണ്. എന്ന് കരുതി ഞാൻ അഭിനയ സിംഹമൊന്നുമല്ല. അഭിനയത്തിൽ ശിശുവാണ്. അഭിനയം ഒട്ടും അറിയാത്ത ആളെ വിളിച്ച് ആളുകൾ അവസരം കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ധൈര്യം വേണം. എന്നെ കുറ്റം പറയുന്നവർക്ക് അങ്ങനെ വന്ന് നിൽക്കാനുള്ള ധൈര്യമുണ്ടോ?. മറയ്ക്കേണ്ട കാര്യങ്ങൾ മറച്ചാണ് ഞാൻ ഫോട്ടോഷൂട്ടിന് വസ്ത്രം ധരിക്കാറ്.
പിന്നെ എന്റേത് നല്ല വയറാണ്. അത് കാണിക്കുന്നതിന് എന്താണ് കുഴപ്പം. എന്റെ വയർ എനിക്ക് ഇഷ്ടമാണ്. പ്രസവത്തിനുശേഷം എന്റെ വയർ എനിക്കിഷ്ടമാണ്. കാരണം വയർ ചാടിയിട്ടില്ല. അങ്ങനെ ചാടിയിരുന്നുവെങ്കിൽ ചിലപ്പോൾ ഞാൻ വയറ് കാണിക്കാൻ തയ്യാറാവില്ലായിരുന്നു. എന്റെ വയറ് എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയില്ല. നമ്മുടെ അമ്മമാർ സാരി ഉടുക്കാറില്ലേ?. അവരുടെ വയറ് കാണാറില്ലേ. അത് ഇത്ര വലിയ സംഭവമാണോ?. വയറ് കാണൽ ചടങ്ങ് വരെ ഇല്ലേ?.
അതുകൊണ്ട് തന്നെ നെഗറ്റീവ് പറയുന്നവരെ ഞാൻ മൈന്റ് പോലും ചെയ്യാൻ പോകുന്നില്ല. നഗ്നയായി അഭിനയിക്കില്ല. പരിധിവിട്ട് അഭിനിയിക്കില്ലായിരിക്കാം. ഭാവിയിൽ ഇതെല്ലാം കേട്ട് കേട്ട് ചിലപ്പോൾ ഞാൻ അങ്ങനെയായിപ്പോയാൽ എന്ത് ചെയ്യും. ഏതായാലും നല്ല രീതിയിൽ കേൾക്കുന്നുണ്ട്. മുന്നോട്ട് ഇങ്ങനെ തന്നെയെ പോകൂ. ഒഴുക്കിന് അനുസരിച്ച് വന്ന് പെട്ടതാണ്. അതുകൊണ്ട് തന്നെ ഇനി എന്നെ താഴെ ഇട്ടാലും എനിക്ക് വിഷയമല്ല. സുധി ചേട്ടനൊപ്പം ചില വീഡിയോകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതുകണ്ട് സുധി ചേട്ടന്റെ സുഹൃത്ത് അഭിനയിക്കാൻ ക്ഷണിച്ചിരുന്നു. പക്ഷെ അന്നൊന്നും ഞാൻ പോയില്ല. കാരണം എനിക്ക് സുധി ചേട്ടന്റെ താങ്ങായി നിൽക്കാനായിരുന്നു താൽപര്യം.
ആദ്യ ഭാര്യ ഇട്ടിട്ട് പോയശേഷം സുധി ചേട്ടന്റെ അടുത്ത് വന്നവരെല്ലാം അഭിനയമോഹവുമായി വന്ന സ്ത്രീകളായിരുന്നു. എന്നെ കെട്ടാവോ?, ഞാൻ മകനെ നോക്കാം എന്നൊക്കെ പറഞ്ഞ് പലരും സുധി ചേട്ടനെ സമീപിച്ചിട്ടുണ്ട്. പക്ഷെ അവർക്ക് അതിയായ അഭിനയമോഹവും ഉണ്ടായിരുന്നു. സുധി ചേട്ടനിലൂടെ അഭിനയത്തിലേക്ക് കയറാൻ പറ്റുമെന്ന് വിശ്വസിച്ചിരുന്നവരായിരുന്നു.
പക്ഷെ സുധി ചേട്ടനും ഞാൻ അഭിനയിക്കുന്നതിനോട് താൽപര്യമായിരുന്നു. അവസരം വന്നിട്ടും അഭിനയിക്കാൻ പോകാത്തതെന്താണെന്ന് സുധി ചേട്ടൻ തന്നെ ചോദിച്ചിട്ടുണ്ട്. അതുപോലെ സുധിയെ വെച്ച് റീച്ച് ഉണ്ടാക്കുകയാണ് ഞാനെന്ന് പറയുന്നവരോട്... എന്നിട്ടും എന്റെ അക്കൗണ്ട് ബാലൻസ് എന്താണ് കൂടാത്തത്?. ഞാൻ ഇനി യുട്യൂബ് ചാനൽ തുടങ്ങാൻ പോവുകയാണ്.
സുധിയെ വിറ്റ് കാശുണ്ടാക്കുന്നുവെന്ന് ഇത്രയും നാൾ കേട്ടു. ഈ പറയുന്നവന്മാരാണോ എനിക്ക് അക്കൗണ്ടിൽ പണം ഇട്ട് തരുന്നത്?. എന്റെ കുടുംബം കഴിയണമെങ്കിൽ ഞാൻ ജോലിക്ക് പോകണം. പപ്പ വയ്യാത്ത ആളാണ്. എന്റെ വരുമാനം മാത്രമെയുള്ളു. ഇതൊന്നും ആർക്കും മനസിലാവില്ല. പിന്നെ വിധവ പെൻഷനുണ്ട്.
ഇതിന് മാത്രം ഞാൻ എന്ത് ചെയ്തുവെന്ന് എനിക്ക് അറിയില്ല. ഈ നെഗറ്റീവ് എല്ലാം കേട്ട് ഞാൻ നാളെ എന്തായി തീരുമെന്നും എനിക്ക് അറിയില്ലെന്നും രേണു പറയുന്നു. രേണുവിനെ കുറിച്ച് പരാതിപ്പെട്ട് ഒരു സ്ത്രീ വിളിച്ച ഫോൺ കോൾ അടുത്തിടെ വൈറലായിരുന്നു. തനിക്ക് ഒരു പരിചയവും ഇല്ലാത്ത സ്ത്രീയാണ് തന്റെ പറ്റി അപവാദം പറഞ്ഞതെന്നും താൻ ആയതുകൊണ്ട് മാത്രമാണ് കേസ് കൊടുക്കാതിരുന്നതെന്നും രേണു പറയുന്നു. ഒന്നുകിൽ ആ സ്ത്രീക്ക് മാനസീകമായിരിക്കും. അല്ലെങ്കിൽ ഫെയ്മസാകാൻ നോക്കിയതായിരിക്കും.
രേണു സുധിയെ വെച്ച് റീച്ച് ഉണ്ടാക്കുന്നു എന്നാണല്ലോ വെപ്പ്. അത് കേട്ട് അവരും ചെയ്ത് നോക്കിയതാകും. ഈ സ്ത്രീയെ എനിക്ക് അറിയില്ല. എന്നെ കുറ്റപ്പെടുത്താൻ അവർക്ക് എന്ത് യോഗ്യതയുണ്ട്. ഞാനും മനുഷ്യനാണ്. എന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ ആ സ്ത്രീ ജയിലിൽ ആയേനെ. വോയ്സ് കേട്ട് എന്നെ പോലീസ് പിടിച്ചുവെന്ന് ബന്ധുക്കൾ തെറ്റിദ്ധരിച്ചു.
അവരെ മുന്നിൽ കിട്ടിയാൽ ഈ അവസരത്തിൽ ഞാൻ എന്തും ചെയ്തുപോകും എന്നാണ് രേണു പറഞ്ഞത്. ഏവിയേഷൻ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് രേണു സുധിയെ വിവാഹം ചെയ്തത്. പിന്നീട് കുടുംബജീവിതത്തിലേക്ക് കടന്നതിനാൽ പഠനം തുടർന്നില്ല. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് രേണുവിന്റെ ലക്ഷ്യം.
kollamsudhi wife renusudhi open up about cyberbullying comments her acting passion