(moviemax.in ) രേണു സുധിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നതും ചർച്ചയാകുന്നതും. നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലിലാണ് രേണുവിനെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഇരുപത്തിയഞ്ച് വയസിൽ സുധിയുടെ രണ്ടാം ഭാര്യയായാണ് രേണു നടന്റെ ജീവിതത്തിലേക്ക് എത്തുന്നത്. സുധിക്ക് ആദ്യ വിവാഹത്തിൽ പിറന്ന മകനെ സ്വന്തം കുഞ്ഞിനേപ്പോലെയാണ് രേണു സ്വീകരിച്ചതും വളർത്തിയതും.
കാർ അപകടത്തിൽ വളരെ അപ്രതീക്ഷിതമായി പ്രിയ ഭർത്താവിനെ നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ രണ്ട് മക്കളേയും കൊണ്ട് മുന്നോട്ട് എങ്ങനെ ജീവിക്കുമെന്നതിൽ രേണുവിനും യാതൊരു രൂപവുമുണ്ടായിരുന്നില്ല. ഇരുപത് വർഷത്തിന് അടുത്ത് സ്റ്റേജ് ഷോകളുമായും ടെലിവിഷൻ പരിപാടികളുമായി സജീവമായി നിന്നിട്ടും കാര്യമായി ഒന്നും സമ്പാദിക്കാൻ സുധിക്ക് കഴിഞ്ഞിരുന്നില്ല.
പ്രോഗ്രാം വഴി കിട്ടുന്ന വരുമാനം കടം തീർക്കാനും നിത്യ ചിലവിനും മാത്രമെ ഉപകാരപ്പെട്ടിരുന്നുള്ളു. അതുകൊണ്ട് തന്നെ സ്വന്തമായി ഒരു വീട് പോലും നടനുണ്ടായിരുന്നില്ല. ഇത്രയേറെ പരിതാപകരമായ അവസ്ഥയിലാണ് നടനും കുടുംബവും കഴിഞ്ഞിരുന്നതെന്ന് സുധിയുടെ സംസ്കാര ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നപ്പോഴാണ് പ്രേക്ഷകരും അറിയുന്നത്.
സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി സന്നദ്ധ സംഘടന കോട്ടയത്ത് വീട് നിർമ്മിച്ച് നൽകി. നടന്റെ രണ്ട് ആൺമക്കളുടേയും വിദ്യാഭ്യാസം ഫ്ലവേഴ്സ് ചാനലാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നിരുന്നാലും നിത്യ ചിലവിനുള്ളത് കണ്ടെത്തുന്നത് രേണു തന്നെയാണ്. ഭർത്താവിന്റെ വഴി തന്നെയാണ് രേണുവും കരിയറായി തെരഞ്ഞെടുത്തത്. തുടക്കം നാടകത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു.
ഇപ്പോൾ റീൽസുമായും മ്യൂസിക്ക് വീഡിയോയുമായും മോഡലിങ്ങിലുമെല്ലാം രേണു സജീവമാണ്. എന്നാൽ അഭിനയത്തിലേക്ക് ഇറങ്ങിയശേഷം വലിയ മുമ്പ് രേണുവിനെ പിന്തുണച്ചിരുന്നവർപോലും എതിരായി. അഭിനയം രേണുവിന് വഴങ്ങുന്നതല്ലെന്നും മോഡലിങ് എന്ന രീതിയിൽ കോപ്രായങ്ങൾ കാണിക്കുന്നുവെന്നുമാണ് രേണു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന കമന്റുകൾ.
രണ്ട് കുഞ്ഞുങ്ങളുടെ അമ്മയും വിധവയുമായ രേണു ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനോടുള്ള എതിർപ്പും കമന്റ് ബോക്സിൽ ആളുകൾ പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ രേണുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിന് അനുകൂലിച്ചും പ്രതികൂലിച്ചും വന്ന കമന്റുകളുമാണ് ചർച്ചയാകുന്നത്. കറുത്ത നിറത്തിലുള്ള വൺ ഷോൾഡർ ബോഡി കോൺ ഡ‍്രസ്സാണ് രേണുവിന്റെ വേഷം.
ആദ്യമായാണ് മോഡേൺ ലുക്കിൽ രേണു ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ് കമന്റുകളാണ് ഫോട്ടോയ്ക്ക് പ്രത്യക്ഷപ്പെടുന്നത്. പാവങ്ങളുടെ ഐശ്വര്യ റായ്, രേണു കാരണം കൊല്ലം സുധി ചേട്ടനോടുള്ള സ്നേഹം കൂടി നഷ്ടപ്പെടുമെന്നാണ് തോന്നുന്നത്, സുധി ചേട്ടൻ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിൽ വേഷം കെട്ടാൻ രേണു ധൈര്യപ്പെടുമോ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ശരീര ഭാരം കുറവായതിനും പല്ലിന്റെ ഘടനയുടെ പേരിലും പല്ലി, ആഗ്ലർ ഫിഷ് തുടങ്ങി വിവിധ പേരുകൾ നൽകിയാണ് ഒരു വിഭാഗം അധിക്ഷേപിക്കുന്നത്. കുറച്ച് കൂടി നിറവും സൗന്ദര്യവും ശരീരവുമുണ്ടായിരുന്നുവെങ്കിൽ രേണുവിന് എതിരെ വെറുപ്പ് കാണിക്കാതെ പരിഹസിച്ച കമന്റിട്ടവർ ആസ്വദിക്കുമായിരുന്നില്ലേയെന്നാണ് രേണുവിനെ അനുകൂലിച്ചെത്തിയവർ കുറിച്ചത്.
മുമ്പ് നിറത്തിന്റെ പേരിൽ ആർ എൽ വി രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ പരിഹസിച്ചപ്പോൾ ആർ എൽ വി രാമകൃഷ്ണനൊപ്പം നിന്ന അതേ മലയാളികൾ തന്നെയാണ് ഇപ്പോൾ രേണുവിനെ നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ പരിഹസിക്കുന്നത്. ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കാൻ രേണുവിനെ അനുവദിക്കൂവെന്നും അനുകൂലിച്ചെത്തിയവർ കുറിച്ചു. അടുത്തിടെയായി സിനിമ അവസരങ്ങളും രേണുവിനെ തേടി എത്തുന്നുണ്ട്. ദാസേട്ടൻ കോഴിക്കോടിനൊപ്പം റീൽ വീഡിയോകളിൽ അഭിനയിച്ചതോടെയാണ് രേണു സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായി മാറിയത്.
RenuSudhi model photoshoot viral