( moviemax.in)സാന്ത്വനം സീരിയലിന് വലിയ രീതിയിൽ ജനപ്രീതി ലഭിക്കാൻ കാരണമായത് ഗോപികയും സജിനും അവതരിപ്പിച്ച ശിവാഞ്ജലി കോമ്പോയായിരുന്നു. അതുപോലെ തന്നെ കഴിഞ്ഞ രണ്ട് വർഷമായി കുടുംബപ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട ജോഡിയായി നിറഞ്ഞ് നിൽക്കുന്നത് ഗീതാഗോവിന്ദം സീരിയലിലെ ഗീതാഞ്ജലി-ഗോവിന്ദ് കോമ്പോയാണ്. ബിന്നി സെബാസ്റ്റ്യനും സാജൻ സൂര്യയുമാണ് ഗീതാഞ്ജലിയും ഗോവിന്ദുമായി അഭിനയിക്കുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സീരിയലുമാണിത്. അടുത്തിടെയാണ് സീരിയൽ അറുന്നൂറ് എപ്പിസോഡുകൾ പൂർത്തിയാക്കിയത്.
ഇപ്പോഴിതാ സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങളും തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളുമെല്ലാം ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. അറുന്നൂറ് എപ്പിസോഡുകൾ പൂർത്തിയാക്കിയതിന്റെ സെലിബ്രേഷൻ അടുത്തിടെ നടന്നിരുന്നു. രണ്ടര വർഷത്തെ വലിയൊരു ജേർണിയായിരുന്നു. എല്ലാവരും തമ്മിൽ നല്ലൊരു ബോണ്ടുണ്ട്. ഫാമിലി പോലെയായി എന്ന് പറഞ്ഞ് കൊണ്ട് ബിന്നിയാണ് സംസാരിച്ച് തുടങ്ങിയത്.
സീരിയലിലേക്ക് വന്ന സമയത്ത് എനിക്ക് ഒന്നും അറിയില്ലായിരുന്നു. അഭിനയം പോലും അറിയില്ലായിരുന്നു. ആ എന്നെ എല്ലാം പഠിപ്പിച്ച എന്റെ ഗുരുക്കന്മാരാണ് ഗീതാ ഗോവിന്ദത്തിന്റെ സംവിധായകനും സാജൻ ചേട്ടനും. ഒട്ടും അഭിനയം അറിയാത്തവരെ കൊണ്ട് പോലും എങ്ങനെയെങ്കിലും ഞങ്ങളുടെ സംവിധായകൻ അഭിനയിപ്പിച്ച് എടുക്കും. കാരണം നടനാകണമെന്ന് ആഗ്രഹിച്ച് ഈ മേഖലയിലേക്ക് വന്നയാളാണ് ഞങ്ങളുടെ സംവിധായകൻ. അഭിനയ മോഹം മൂത്താണ് സംവിധായകനായത്.
പുള്ളി അഭിനയിച്ച് വരെ കാണിച്ച് തരും. അത് കണ്ടിട്ടും അഭിനയം പഠിക്കാനും അഭിനയിക്കാനും ഒരാൾക്ക് കഴിയുന്നില്ലെങ്കിൽ അയാളെ ഇന്റസ്ട്രിയിൽ നിന്ന് ഔട്ടാക്കണം. തുടക്കത്തിൽ സംവിധായകൻ അഭിനയിക്കേണ്ട രീതി പറഞ്ഞ് തരുമ്പോൾ ഞാൻ വളരെ കംഫർട്ടബിളായിരുന്നു. പക്ഷെ സാജൻ ചേട്ടൻ പറഞ്ഞ് തരുമ്പോൾ ഞാൻ വളരെ നെർവസാകുമായിരുന്നു ആദ്യം. കാരണം പുള്ളി നന്നായിട്ട് അഭിനയിക്കും. അതുകൊണ്ട് തന്നെ പുള്ളി പറഞ്ഞ് തരുന്നത് ചെയ്യുക എന്നത് നമുക്ക് ഒരു ചലഞ്ചാണ്.
പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ എനിക്ക് പറ്റുന്ന രീതിയിൽ അഭിനയിക്കുകയാണ് ചെയ്തിരുന്നത്. പിന്നെ ഞാനും സാജൻ ചേട്ടനും പിന്നീട് ഒരുപാട് സീനുകളിൽ ഇംപ്രവൈസ് ചെയ്ത് പെർഫോം ചെയ്തിട്ടുണ്ട്. അതിൽ ചിലത് പാളിപ്പോയിട്ടുമുണ്ടെന്ന് ബിന്നി പറയുന്നു. പത്ത് ഇരുപത്തിയഞ്ച് വർഷമായി സീരിയൽ ചെയ്യുന്നുണ്ട്. പക്ഷെ ഗീതാഗോവിന്ദത്തിലെ അണിയറപ്രവർത്തകർ എല്ലാവരുമായുള്ള സൗഹൃദം വളരെ രസമാണെന്ന് സാജൻ സൂര്യയും പറഞ്ഞു. ഞങ്ങൾ എല്ലാവരും തമ്മിൽ നല്ലൊരു ബോണ്ടുണ്ട്.
ആസ്വദിച്ചാണ് എന്റെ കഥാപാത്രം ഞാൻ ചെയ്യുന്നത്. ബിന്നിയും അവളുടെ ഫാമിലിയും ഞങ്ങളുമായി നന്നായി സഹകരിക്കുന്നുണ്ട്. ഗീതാ ഗോവിന്ദത്തിന് വേണ്ടി ഞാൻ മേക്കോവർ ചെയ്തിരുന്നുവെന്നത് ശരിയാണ്. ഭാര്യ സീരിയൽ കഴിഞ്ഞശേഷം എനിക്ക് നല്ല തടിയുണ്ടായിരുന്നു. മാത്രമല്ല പിന്നീട് വിളി വന്നത് ഏറെയും അച്ഛൻ, അമ്മാവൻ കഥാപാത്രങ്ങൾ ചെയ്യാനാണ്. ആ സമയത്ത് ഞാൻ ഇരുന്ന് ചിന്തിച്ചപ്പോൾ എനിക്കൊരു കാര്യം മനസിലായി... ഞാൻ മാറിയില്ലെങ്കിൽ മൊത്തത്തിൽ എന്റെ കരിയർ മാറുമെന്ന്.
അങ്ങനെ ആറ് മാസം മെനക്കെട്ട് തടി കുറച്ച് ഹെയർ ഫിക്സിങ്ങ് അടക്കമുള്ള കാര്യങ്ങൾ ചെയ്തു. അതിനുശേഷമാണ് നല്ല സീരിയലുകൾ ലഭിക്കുന്നതെന്നും സാജൻ കൂട്ടിച്ചേർത്തു. ബിന്നി നായികയായി സീരിയലിലേക്ക് വന്നപ്പോൾ തനിക്ക് തോന്നിയ ചിന്തകളും സാജൻ സൂര്യ പങ്കുവെച്ചു. ബിന്നിയെ ആദ്യമായി കണ്ടപ്പോൾ അടുപ്പിക്കാൻ കൊള്ളില്ലെന്ന് തോന്നി. ഗീതാഗോവിന്ദത്തിലെ നായിക വേഷത്തിന് ബിന്നി പറ്റില്ലെന്ന് എനിക്ക് തോന്നിയിരുന്നു. കാരണം ആദ്യമായാണ് അവൾ അഭിനയിക്കുന്നത്. അഭിനയിക്കുന്നത് കണ്ടപ്പോൾ ശരിയാകില്ലെന്നാണ് തോന്നിയത്.
പക്ഷെ പിന്നീട് മ്യൂസിക്കും നല്ലൊരു ഡബ്ബിങും ഒക്കെ കഴിഞ്ഞപ്പോൾ ഓക്കെയായി. ബിന്നിയെ നന്നാക്കാൻ സംവിധായകൻ ഒരുപാട് പാടുപെട്ടു. സത്യം പറഞ്ഞാൽ പുള്ളി വളരെ ആത്മാർത്ഥമായി പരിശ്രമിച്ചു എന്നാണ് സാജൻ തമാശയായി പറഞ്ഞത്. പുറത്ത് വെച്ച് കാണുമ്പോൾ ആളുകൾ പ്രധാനമായും പറയാറുള്ളത് തന്റെ പൊക്ക കുറവിനെ കുറിച്ചാണെന്നും ബിന്നി പറഞ്ഞു. സീരിയലിൽ കാണുമ്പോൾ വലിയ കുട്ടിയായിട്ടാണ് തോന്നുന്നതെന്നും എന്നാൽ നേരിട്ട് കാണുമ്പോൾ ചെറിയ കുട്ടിയാണല്ലോയെന്നും പലരും എന്നോട് പറയാറുണ്ട്.
അതിന് കാരണം സാരി ഉടുത്ത എന്നെ കാണുമ്പോൾ മെച്യൂരിറ്റിയും പൊക്കവും തോന്നിക്കും എന്നതാണ് ഒന്ന്. പിന്നെ എനിക്ക് രണ്ട് പ്രോപ്പർട്ടി ക്യാമറമാൻ തന്നിട്ടുണ്ട്. അത് രണ്ടും ഹൈറ്റ് തോന്നിക്കാൻ വേണ്ടി എനിക്ക് ഉപയോഗിക്കാനുള്ളതാണ്. അതാണ് ഷൂട്ടിങ് സമയത്ത് ഉപയോഗിക്കുന്നതെന്ന് ബിന്നി പറഞ്ഞു. താനും ഇത്തരം കമന്റുകൾ കേട്ടിട്ടുണ്ടെന്ന് സാജൻ സൂര്യയും കൂട്ടിച്ചേർത്തു. എന്നെ പുറത്ത് വെച്ച് കാണുമ്പോഴും ആളുകൾ ഇത്തരത്തിൽ പറയാറുണ്ട്. സീരിയലിൽ കാണുന്നത് പോലെയല്ലല്ലോ... എന്ത് പറ്റി? ഓഞ്ഞ് ഉണങ്ങിപ്പോയല്ലോ എന്നാണ് ചോദിക്കാറുള്ളത്.
പണ്ടേ ഞാൻ ഇങ്ങനെയാണ് സീരിയലിൽ കാണുമ്പോൾ സൈസ് തോന്നിക്കുന്നതാണെന്ന് ഞാൻ പറയുമെന്നും സാജൻ പറയുന്നു. ബിന്നിയുമായുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... ബിന്നിക്കുള്ളൊരു ഗുണം കോൺഫിഡൻസാണ്. ഒരു കാര്യം അറിയില്ലെങ്കിലും ഞാൻ അത് ചെയ്യുമെന്നുള്ള കോൺഫിഡൻസിൽ അതിലേക്ക് ഇറങ്ങും. അതൊരു നല്ല കാര്യമാണ്. ഡാൻസ് കളിക്കാൻ മടിയുള്ള എന്നെ പല വഴികൾ പറഞ്ഞ് തന്ന് ഡാൻസ് കളിക്കാൻ ബിന്നി സഹായിച്ചിട്ടുണ്ട്.
ഞാനും ബിന്നിയും തമ്മിലുള്ള കോമ്പോ വർക്കൗട്ടാകാനുള്ള ഒരു കാരണം കഥ, സംവിധാനം എന്നിവയാണ്. അർഹിക്കുന്ന ഫ്രീഡം തന്നാണ് സംവിധായകൻ ഞങ്ങളെ അഭിനയിപ്പിക്കുന്നത്. ഇടാൻ പറ്റുന്ന എഫേർട്ടിന്റെ അങ്ങേയറ്റം അദ്ദേഹം ഇടുന്നുണ്ട്. വയ്യാതെയായാലും ഷൂട്ടിന് എനർജിയിൽ വരും. അദ്ദേഹം വിശ്രമിക്കാത്തതുകൊണ്ട് ഞങ്ങളേയും വിശ്രമിക്കാൻ അനുവദിക്കില്ലെന്നും സാജൻ പറഞ്ഞു.
പിന്നീട് സീരിയൽ സംവിധായകൻ ജിതേഷും ഇരുവരേയും കുറിച്ച് സംസാരിച്ചു. പ്രണയരംഗങ്ങളിൽ എനിക്ക് എക്സ്പീരിയൻസില്ല. പക്ഷെ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ചെയ്യണം, കണ്ണോട് കണ്ണിൽ നോക്കണം, ഉമ്മവെക്കുമ്പോൾ ഇങ്ങനെ വെക്കണം എന്നൊക്കെ ഞാൻ ബിന്നിക്കും സാജനും പറഞ്ഞ് കൊടുക്കാറുണ്ട്. ഞാൻ എന്ത് പറഞ്ഞ് കൊടുക്കുന്നോ അതിന്റെ അപ്പുറം ഇവർ ചെയ്യും. വളരെ ലൈവ് പെർഫോമൻസാണ് ബിന്നിയുടേയും സാജന്റേയും. അതുകൊണ്ട് തന്നെ മാക്സിമം കിട്ടാനുള്ളത് ഞാൻ മേടിച്ചെടുക്കുമെന്ന് സംവിധായകനും പറയുന്നു. ഞങ്ങൾ ഇത്തരം സീനുകൾ ചെയ്യുമ്പോൾ സാർ കട്ട് പറയാൻ മറക്കും. ഉമ്മ തരുന്ന സീനുകൾ ബിന്നി ഒറ്റ ടെയ്ക്കിൽ ഓക്കെയാക്കും.
ബിന്നി തന്നിട്ടുള്ളതിന്റെ നൂറിരട്ടി ഉമ്മ സംവിധായകൻ എനിക്ക് തന്നിട്ടുണ്ട് എന്നാണ് മറുപടിയായി സാജൻ സൂര്യ പറഞ്ഞത്. ബിന്നിയുടെ കരിയറിലെ ആദ്യ സീരിയലാണ് ഗീതാഗോവിന്ദം. സീരിയൽ നടനായ നൂബിനാണ് ബിന്നിയെ വിവാഹം ചെയ്തത്. ഡോക്ടർ കൂടിയായ ബിന്നി ഗീതഗോവിന്ദം വിജയമായശേഷം പൂർണമായും അഭിനയത്തിലാണ് ശ്രദ്ധകൊടുത്തിരിക്കുന്നത്. കൂടാതെ മോഡൽ, യുട്യൂബർ എന്നീ നിലകളിലും ബിന്നി സജീവമാണ്. അംബിക, ശ്വേത വെങ്കിട്ട്, രേവതി നായർ, ഉമ നായർ, അമൃത തുടങ്ങിയവരാണ് സീരിയലിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സിനിമാ മോഹവുമായി അഭിനയ രംഗത്ത് എത്തിയ സാജൻ സൂര്യ തിളങ്ങിയത് സീരിയൽ മേഖലയിലാണ്. ചില സിനിമകളിൽ നായക വേഷവും മുമ്പ് താരം ചെയ്തിട്ടുണ്ട്.
#sajansooreya #binnysebastian