കൊല്ലം കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കമ്മിറ്റിക്കാര്‍ സോഷ്യല്‍ മീഡിയ താരം ജാസിയോട് മോശമായി പെരുമാറിയത് വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ അന്ന് നടന്നത് എന്താണെന്ന് വ്യക്തമാക്കുകയാണ് ജാസി. ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാസി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം.
''കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തില്‍ വിളക്കെടുക്കാന്‍ ആഗ്രഹിക്കുന്നതായി ദുബായിലുള്ള ഒരു സുഹൃത്ത് പറഞ്ഞിരുന്നു. എന്നോട് മേക്കപ്പ് ചെയ്തു തരണം എന്നും ആവശ്യപ്പെട്ടിരുന്നു. അന്ന് തൃശ്ശൂര്‍ എനിക്കൊരു ഷൂട്ട് ഉണ്ടായിരുന്നു. എങ്കിലും അവര്‍ നിര്‍ബന്ധിച്ചതിനാല്‍ കൊല്ലത്തേക്ക് പോയി. അങ്ങനെ അവനെ ഒരുക്കി. എനിക്ക് കുട്ടിക്കാലം മുതലേ വിഗ്രഹങ്ങളും അമ്പലങ്ങളും പള്ളികളും കൊത്തുപണികളുമൊക്കെ ഭയങ്കര ഇഷ്ടമാണ്. അതിനാല്‍ ഞാനും കൂടെ പോകാമെന്ന് തീരുമാനിച്ചു'' ജാസി പറയുന്നു.
''കൊറ്റന്‍കുളങ്ങരയിലെ ഐതിഹ്യം എനിക്കറിയാം. ഞാന്‍ വിളക്കെടുക്കാന്‍ പോയതല്ല. കാരണം അവിടെ വിളക്കെടുക്കുന്നത് പുരുഷന്മാരാണ്. സ്ത്രീകളോ സ്ത്രീകളായി കൊണ്ടിരിക്കുന്നവരോ ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നുള്ളവരോ അല്ല വിളക്ക് എടുക്കുന്നത്. പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടിയാണ് വിളക്കെടുക്കുന്നത്. അമ്പലത്തിലെത്തിയപ്പോള്‍ തന്നെ നല്ല തിരക്കുണ്ട്. കുറേ ഓണ്‍ലൈന്‍ മീഡിയക്കാരുമുണ്ടായിരുന്നു'' എന്നും ജാസി പറയുന്നുണ്ട്.
താന്‍ മാറി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് കമ്മിറ്റിക്കാര്‍ വരുന്നത്. എന്താണ് ഇവിടെ നില്‍ക്കുന്നത്, വിളക്ക് എവിടെ എന്നും അവര്‍ ചോദിച്ചു. വിളക്കെടുക്കാന്‍ വന്നതല്ലെന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് പിന്നെ ഒരുങ്ങി വന്നതെന്ന് അവര്‍ ചോദിച്ചു. സുഹൃത്തിന്റെ കൂടെ വന്നതാണെന്ന് പറഞ്ഞിട്ട് അവര്‍ക്ക് മനസിലാകുന്നില്ല.
ഓണ്‍ലൈന്‍ മീഡിയക്കാരും താന്‍ സ്ത്രീയായി കൊണ്ടിരിക്കുന്ന വ്യക്തിയാണെന്നും വിളക്കെടുക്കാന്‍ വന്നതല്ലെന്നും പറഞ്ഞു. അവര്‍ എടുത്ത തന്റെ ഇന്റര്‍വ്യുകളും കാണിച്ചു കൊടുത്തു. അങ്ങനെയാണ് അവര്‍ക്ക് കാര്യം മനസിലാകുന്നത് എന്നും ജാസി പറയുന്നുണ്ട്.
വളരെ മോശപ്പെട്ട അനുഭവമാണ് കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പോയ ചിലര്‍ക്ക് നേരിടേണ്ടി വന്നത്. വിളക്കെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് തൊഴാന്‍ വന്ന ചില ട്രാന്‍സ് വ്യക്തികളെ പുറത്താക്കിയിട്ടുണ്ട്. രണ്ടാം ദിവസം പിടിച്ചു നിര്‍ത്തിയ കമ്മിറ്റിക്കാരില്‍ ചിലര്‍ വന്ന് മാപ്പ് പറഞ്ഞു. വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ ചീത്ത പറഞ്ഞെന്ന് പറഞ്ഞവരുണ്ട്. പക്ഷെ ചില പ്രായമായവര്‍ക്ക് ഭയങ്കരമായി ദേഷ്യപ്പെട്ടാണ് സംസാരിച്ചത്. അവര്‍ക്കെന്തോ വൈരാഗ്യം ഉള്ളത് പോലെയാണ് സംസാരിച്ചത് എന്നും താരം പറയുന്നുണ്ട്.
യൂട്യൂബില്‍ എന്നെ പിന്തുണച്ചാണ് സംസാരിച്ചത്. എന്നാല്‍ താറടിക്കാന്‍ ശ്രമിച്ചവരുണ്ട്. വര്‍ഗ്ഗീയമാക്കാന്‍ ശ്രമിച്ചു. ജാസി ബീഫ് കഴിച്ചാണ് വന്നതെന്ന് പറഞ്ഞുവെന്നും താരം പറയുന്നു. ഒരാളുണ്ട്. പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ വച്ച് വീഡിയോ ചെയ്ത്, എന്റെ പച്ചമാംസം കഴിച്ച് ജീവിക്കുന്ന വ്യക്തിയാണ്. അയാളെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അയാളാണ് വര്‍ഗീയമാക്കിയത്. അയാള്‍ പറഞ്ഞത് ജാസി പത്തിരിയും ബീഫും കഴിച്ചിട്ടാണ് അമ്പലത്തില്‍ കയറിയതെന്നാണ് പറഞ്ഞത്. വ്യക്തിപരമായി താറടിക്കണം എന്ന് വിചാരിച്ച് മാത്രം പറഞ്ഞതാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.
ഇയാള്‍ സംസാരിക്കുന്നത് തന്റെ കൂടെ ജീവിക്കുന്ന ആളെപ്പോലെയാണ്. അയാളോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയതു കൊണ്ടാണ് അയാള്‍ക്ക് മറുപടി കൊടുക്കാത്തത്. ഞാന്‍ മറുപടി കൊടുത്തിട്ട് എന്തിന് അയാള്‍ക്ക് റീച്ച് നേടിക്കൊടുക്കണം എന്നും ജാസി ചോദിക്കുന്നുണ്ട്.
#socialmedia #star #jasi #opens #up #about #what #happened #kottankulangara #temple