( moviemax.in ) വിവാഹത്തിൽ പൊതുവെ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് വരന്റെയും വധുവിന്റെയും എൻട്രി. അത്തരത്തിൽ സ്വന്തം വിവാഹത്തിന് വ്യത്യസ്തമായ ഒരു എൻട്രി നടത്തി സൈനികൻ. 5,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തിയാണ് ബ്രിട്ടീഷ് ആർമി വെറ്ററൻ സ്വന്തം വിവാഹ വേദിയിലേക്ക് എത്തിയത്. പക്ഷേ, ദൗർഭാഗ്യകരമെന്ന് പറയട്ടെ വിവാഹ റിസപ്ഷനായി രാത്രി നടത്തിയ പാർട്ടിയിൽ നൃത്തം ചെയ്തപ്പോളാണ് ആ ചാട്ടത്തിൽ തന്‍റെ കാൽ ഒടിഞ്ഞതായി അദ്ദേഹം തിരിച്ചറിഞ്ഞത്. 31 വയസ്സുള്ള എഡ്ഡി റൂഡ് എന്ന വരൻ, ബ്രിട്ടീഷ് ആർമിയുടെ എലൈറ്റ് പാരച്യൂട്ട് ഡിസ്പ്ലേ ടീമായ 'ദി ടൈഗേഴ്‌സ്' ടീമില്‍ അംഗമാണ്.
വിവാഹത്തിന്‍റെ തലേന്ന്, തന്‍റെ നാല് സഹ പാരാട്രൂപ്പർമാരോടൊപ്പമാണ് റൂഡ് അതീവ അപകട സാധ്യതയുള്ള ഈ അഭ്യാസം നടത്തിയത്. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നതിന് വേണ്ടിയായിരുന്നു റൂഡ് ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നത്. എന്നാല്‍, അപകടകരമായ ഒരു ദുരന്തത്തിൽ അത് കലാശിച്ചുവെന്ന് മാത്രം. പാർട്ടിക്കിടയിൽ വധു കസാൻഡ്രയ്‌ക്കൊപ്പം നൃത്തം ചെയ്യാനായി ഒരുങ്ങിയപ്പോഴാണ് തന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.
സ്കൈ ഡൈവ് നടത്തിയ സമയത്ത് തനിക്ക് യാതൊരുവിധ ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നില്ലെന്നും തുടർന്നും ചടങ്ങുകളിൽ സന്തോഷത്തോടെയാണ് പങ്കെടുത്തതെന്നും റൂഡ് പറയുന്നു. എന്നാൽ, പതിയെ കാലിന് നീര് വച്ചുവെന്നും ആശുപത്രിയിലെത്തി എക്സറേ എടുത്തപ്പോഴാണ് കാലിന് പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞത് എന്നുമാണ് ഇദ്ദേഹം പറയുന്നത്. 2015 -ൽ സ്കൈ ഡൈവിംഗ് ആരംഭിച്ചതിന് ശേഷം ഏകദേശം 1,000 ജമ്പുകൾ പൂർത്തിയാക്കിയ റൂഡ്, പത്ത് വർഷത്തെ ജമ്പിംഗിന് ഇടയിലുള്ള തന്‍റെ ആദ്യ പരിക്കാണെന്നും പറയുന്നു. എന്നാല്‍ പരിക്ക് കാര്യമാക്കുന്നില്ലെന്നും ഹവായിയിൽ ഹണിമൂണിൽ മറ്റൊരു ഡൈവിനായി താൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
#different #entry #soldier #groom #wedding #venue #twist #end!!